കാൽഗറി : വരാനിരിക്കുന്ന കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് ശനിയാഴ്ച അവസാനിച്ചു. കാല്‍ഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഒക്ടോബർ 20 തിങ്കളാഴ്ച നടക്കും. അവസാനദിനമായ ശനിയാഴ്ച 22,144 പേർ കൂടി വോട്ട് ചെയ്തതോടെ അനൗദ്യോഗിക കണക്കുകൾ പ്രകാരം മുൻകൂർ വോട്ടിങ്ങിൽ 96, 549 പേർ വോട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മുൻകൂർ വോട്ടിങിലെ പോളിങ് 10.7% ആയി. മുൻകൂർ വോട്ടെടുപ്പിന്‍റെ ആദ്യദിനമായ ഒക്ടോബർ 6 തിങ്കളാഴ്ച യോഗ്യരായ 14,446 വോട്ടർമാർ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. 2021-ൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എട്ട് ദിവസത്തിനുള്ളിൽ 141,329 മുൻകൂർ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.

അതേസമയം വലിയൊരു വിഭാഗം വോട്ടർമാർ ഇപ്പോഴും ഏത് മേയർ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ കണ്ടെത്തിയിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ മുപ്പത്തി നാല് ശതമാനം പേരും തങ്ങൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ദിവസത്തിന് ഇനി ഒരു ആഴ്ച ബാക്കിയുണ്ടെന്നും പറയുന്നു. ജെറോമി ഫാർക്കസ് (27%), ജ്യോതി ഗോണ്ടെക് (23%), സോണിയ ഷാർപ്പ് (23%) എന്നിവർക്കിടയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നതായി സർവേ കണ്ടെത്തി. സർവേ പ്രകാരം ജെഫ് ഡേവിസൺ (16%) നാലാം സ്ഥാനത്തും ബ്രയാൻ തീസെൻ (8%) അഞ്ചാം സ്ഥാനത്തും എത്തി.