വാഷിങ്ടൺ : അമേരിക്കയിൽ ഷട്ട്ഡൗണ്‍ മൂന്നാം ആഴ്ച്ചയിലേക്ക് കടന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. അടച്ചൂപൂട്ടലില്‍ ഉടന്‍ തീരുമാനം ഉണ്ടാവില്ലെന്ന സൂചനകള്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ നൽകിയിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണുകളിലൊന്നിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഷട്ട്ഡൗണ്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ സൈനികർക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കാന്‍ 15-ന് ഏകദേശം 20 ലക്ഷം സൈനികര്‍ക്ക് ലഭ്യമായ എല്ലാ ഫണ്ടുകളും നല്‍കാന്‍ പെന്‍റഗണിന് നിർദ്ദേശം നൽകിയതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഷട്ട്ഡൗണില്‍ ഡെമോക്രാറ്റ്-റിപ്പബ്ലിക്കന്‍ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പിരിച്ചുവിടലുകള്‍, സൈനികര്‍ക്കുള്ള ശമ്പളം, ആരോഗ്യ സംരക്ഷണ നയങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ആശങ്ക ഉയർത്തുന്നുണ്ട്. ഷട്ട്ഡൗണിനെ തുടര്‍ന്ന് പിരിച്ചുവിടൽ അടക്കം ഫെഡറല്‍ ഗവണ്‍മെൻ്റ് വ്യാപകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ വ്യാപക പിരിച്ചവിടലിന് നോട്ടീസ് നൽകി.