ടൊറൻ്റോ : അഞ്ച് ആഴ്ചയോളം നീണ്ട പണിമുടക്കിന് ശേഷം ഒൻ്റാരിയോയിലുടനീളമുള്ള കോളേജ് സപ്പോർട്ട് സ്റ്റാഫുകൾ താൽക്കാലിക കരാറിൽ എത്തിയതായി യൂണിയൻ പ്രഖ്യാപിച്ചു. ഇതോടെ സമരം അവസാനിപ്പിച്ച് പതിനായിരത്തിലധികം ജീവനക്കാർ വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് വർഷത്തെ കരാറിൽ വേതന വർധന, മറ്റു ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷാ മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾപ്പെടുന്നതായി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒൻ്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU/SEFPO) അറിയിച്ചു.

ഒൻ്റാരിയോ സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ പ്രവിശ്യയിലെ കോളേജ് സംവിധാനത്തെ തകർക്കുമെന്ന് ആരോപിച്ചാണ് യൂണിയൻ നേതാക്കൾ പണിമുടക്ക് നടത്തിയത്. പൊതുവിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിക്കും, 10,000 തൊഴിൽ നഷ്ടങ്ങൾക്കും, അഞ്ഞൂറിലധികം പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കലുകൾക്കും ഇടയിൽ പണിമുടക്കല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നുവെന്ന് OPSEU/SEFPO പ്രസിഡൻ്റ് ജെ പി ഹോർണിക് പറഞ്ഞു.