ഓട്ടവ : ബ്രിട്ടിഷ് കൊളംബിയയിലെ കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിന് പിന്നാലെ കാനഡയിലെ രണ്ടു വിമാനത്താവളങ്ങളിൽ കൂടി സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. “സൈബറിസ്ലാം” എന്ന് ഗ്രൂപ്പ് സൈബർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിന് പിന്നാലെ ഒൻ്റാരിയോയിലെ വിൻസർ രാജ്യാന്തര വിമാനത്താവളത്തിലും ബ്രിട്ടിഷ് കൊളംബിയയിലെ വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിലും സമാനമായ സംഭവങ്ങൾ ഏതാണ്ട് ഇതേ സമയത്ത് നടന്നതായി ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. വിമാനത്താവളങ്ങളിൽ മറ്റ് പ്രത്യാഘാതങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാനും സമാനമായ സംഭവങ്ങൾ തടയാനും ഫെഡറൽ സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഏജൻസി അറിയിച്ചു.

വിമാനത്താവളത്തിലെ ടെർമിനൽ ഇൻഫർമേഷൻ സ്‌ക്രീനുകളും പൊതു വിലാസ സംവിധാനവും ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ചില വിമാനങ്ങൾ വൈകിയതായി കെലോവ്ന എയർപോർട്ട് അധികൃതർ അറിയിച്ചു. “ഇസ്രയേൽ യുദ്ധത്തിൽ പരാജയപ്പെട്ടു, ഹമാസ് വിജയിച്ചു”, “You are a Pig, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്” തുടങ്ങിയ ഹമാസ് അനുകൂല സന്ദേശങ്ങൾ ടെർമിനൽ ഇൻഫർമേഷൻ സ്‌ക്രീനുകളിൽ തെളിഞ്ഞതായി അധികൃതർ റിപ്പോർട്ട് ചെയ്തു. കൂടാതെ ഹാക്കർമാർ പബ്ലിക് അഡ്രസ് സ്പീക്കറുകൾ ഉപയോഗിച്ച് ഓഡിയോ സന്ദേശങ്ങൾ പ്ലേ ചെയ്തു.