ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ചൈനീസ് വിദേശ ഇടപെടലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച ആരോപണങ്ങൾ പുനഃപരിശോധിക്കുമെന്ന് ആർസിഎംപി അറിയിച്ചു. പുതിയ വിവരങ്ങളുടെയും ആരോപണങ്ങളുടെയും വെളിച്ചത്തിൽ കേസ് വീണ്ടും അന്വേഷിക്കുകയാണെന്ന് പൊലീസ് പറയുന്നു. പ്രവിശ്യയിലെ രണ്ട് ബുദ്ധമത ഗ്രൂപ്പുകൾക്കെതിരെയുള്ള ആരോപണങ്ങളിൽ ഫെഡറൽ അന്വേഷണം ആവശ്യപ്പെട്ട് പരിശോധിക്കണമെന്ന് പിഇഐ പ്രീമിയർ റോബ് ലാന്റ്സ് രംഗത്ത് എത്തിയിരുന്നു. ഗ്രേറ്റ് എൻലൈറ്റൻമെന്റ് ബുദ്ധിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സൊസൈറ്റി, ദി ഗ്രേറ്റ് വിസ്ഡം ബുദ്ധിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ. അതേസമയം പ്രവിശ്യയുടെ റെഗുലേറ്ററി ആൻഡ് അപ്പീൽ കമ്മീഷൻ രണ്ട് സംഘടനകളെക്കുറിച്ച് അന്വേഷിക്കാൻ ലാൻഡ്സ് പ്രൊട്ടക്ഷൻ ആക്റ്റ് ഉപയോഗിക്കുമെന്ന് സർക്കാർ പറഞ്ഞു.

2015 മുതൽ ഇന്നുവരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ, വിദേശ ഇടപെടൽ എന്നീ ആരോപണങ്ങളിൽ അന്വേഷണം നടത്തിയിരുന്നതായും ആർസിഎംപി വക്താവ് ക്രിസ്റ്റീൻ കെല്ലി അറിയിച്ചു. അന്വേഷണത്തിൽ, പിഇഐയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, വിദേശ ഇടപെടൽ എന്നീ ആരോപണങ്ങളിൽ തെളിവൊന്നും കണ്ടെത്തിയിരുന്നില്ലെന്നും കെല്ലി കൂട്ടിച്ചേർത്തു.
