ഓട്ടവ : സീറ്റുകളുടെ തകരാറുകളെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ടൊയോട്ട മിനിവാനുകൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ടൊയോട്ട സിയന്ന ഹൈബ്രിഡ് 2025 മോഡൽ തിരിച്ചുവിളിച്ച വാഹനങ്ങൾ. കാനഡയിലുടനീളമുള്ള 7,142 വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ഏജൻസി പറയുന്നു.

ഈ വാഹനങ്ങളുടെ പിന്നിലുള്ള പാസഞ്ചർ സീറ്റ് റെയിലുകൾ ശരിയായി വെൽഡ് ചെയ്ത് ഉറപ്പിച്ചിട്ടില്ലെന്നും അപകടസമയത്ത് സീറ്റുകൾ തെന്നി നീങ്ങുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ഇത് യാത്രക്കാർക്ക് പരുക്കേൽക്കാൻ സാധ്യത വർധിപ്പിക്കും. ഇതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പിൻ സീറ്റുകളിൽ യാത്രക്കാരെ കയറ്റരുതെന്ന് ടൊയോട്ട നിർദ്ദേശിച്ചു. വാഹന ഉടമകളെ മെയിൽ വഴി കമ്പനി വിവരം അറിയിക്കുകയും സീറ്റ് റെയിലുകൾ മാറ്റിസ്ഥാപിക്കുന്നതിനായി വാഹനം ഒരു ഡീലർഷിപ്പിൽ കൊണ്ടുവരാൻ നിർദ്ദേശിക്കുമെന്നും ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ കാനഡയിൽ ടൊയോട്ട വാഹനങ്ങൾ മൂന്നാം തവണയാണ് തിരിച്ചുവിളിക്കുന്നത്. റിയർ-വ്യൂ ഡിസ്‌പ്ലേയിലെ പ്രശ്നങ്ങൾ കാരണം ഈ മാസം ആദ്യം, ടൊയോട്ട കാനഡയിൽ ഏകദേശം 32,000 വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. കൂടാതെ സ്‌ക്രീൻ ഡിസ്‌പ്ലേ പ്രശ്‌നങ്ങളെത്തുടർന്ന് സെപ്റ്റംബറിൽ കമ്പനി 70,000 വാഹനങ്ങളും കമ്പനി തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
