ഓട്ടവ : വിദ്യാർത്ഥികളിൽ അടക്കം ആശങ്ക സൃഷ്ടിച്ച് കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ട്. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഡാറ്റ പ്രകാരം, 2024-ൽ മൊത്തം ഏകദേശം 1,997 ഇന്ത്യക്കാരെ നിർബന്ധിതമായി നാടുകടത്തിയെങ്കിൽ 2025 ജൂലൈ വരെ 1,891 ഇന്ത്യക്കാരെ ഇതിനകം രാജ്യത്തുനിന്ന് പുറത്താക്കി കഴിഞ്ഞു. 2024-ൽ, മെക്സിക്കൻ പൗരന്മാർക്ക് ശേഷം ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ട രണ്ടാമത്തെ രാജ്യക്കാർ ഇന്ത്യക്കാരായിരുന്നു. എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, 6,837 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. എല്ലാ വിദേശ പൗരന്മാരിലും വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. 5,170 മെക്സിക്കൻ പൗരന്മാരും 1,734 അമേരിക്കൻ പൗരന്മാരുമാണ് തൊട്ടുപിന്നിലുള്ളത്. കാനഡയിൽ തീർപ്പാകാതെ അവശേഷിക്കുന്ന 30,733 നാടുകടത്തൽ കേസുകളിൽ ഭൂരിഭാഗവും അഭയം തേടുന്നവരുടേതാണ്.

പല നാടുകടത്തലുകളിലും വർക്ക് പെർമിറ്റുകൾ, സ്‌കിൽഡ് എംപ്ലോയ്‌മെൻ്റ് വീസകൾ, സ്റ്റുഡൻ്റ് പ്രോഗ്രാമുകൾ എന്നിവയിലുള്ള വിദേശ പൗരന്മാർ ഉൾപ്പെടുന്നു. ഇത് കാനഡയിൽ പഠിക്കാനോ ജോലി ചെയ്യാനോ പദ്ധതിയിടുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഈ കർശന നടപടി ആശങ്കാജനകമാക്കുന്നു. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാനും തൻ്റെ സർക്കാർ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. 2019 മുതൽ ഇന്ത്യൻ പൗരന്മാരുടെ നാടുകടത്തൽ ഏകദേശം മൂന്നിരട്ടിയായി വർധിച്ചതായി സിബിഎസ്എ ഡാറ്റ കാണിക്കുന്നു. അന്ന് 625 പേരെ മാത്രമേ പുറത്താക്കിയുള്ളൂ. താൽക്കാലിക വർക്ക് പെർമിറ്റിലുള്ള പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഐടി, ആരോഗ്യ സംരക്ഷണം, സ്‌കിൽഡ് ട്രേഡ് തുടങ്ങിയ മേഖലകളിൽ, ഉയർന്ന അനിശ്ചിതത്വം നേരിടുന്നു. കർശനമായ നടപ്പാക്കലും വേഗത്തിലുള്ള നീക്കം ചെയ്യലും തൊഴിൽ തുടർച്ചയെ തടസ്സപ്പെടുത്തുമെന്ന കാരണത്താൽ രാജ്യാന്തര പ്രതിഭകളെ നിയമിക്കുന്ന കമ്പനികൾ ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നു.

ജോലി അല്ലെങ്കിൽ സ്റ്റഡി പെർമിറ്റിന് കീഴിൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം :
- വീസ, പെർമിറ്റ് സ്റ്റാറ്റസ് പതിവായി പരിശോധിക്കുക: എല്ലാ രേഖകളും സാധുതയുള്ളതാണെന്നും പുതുക്കലുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
- ഇമിഗ്രേഷൻ പരിഷ്കാരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക : നാടുകടത്തൽ, നീക്കം ചെയ്യൽ പ്രക്രിയകളെക്കുറിച്ചുള്ള നിയമങ്ങൾ മനസ്സിലാക്കുക.
- നിയമപരമായ മാർഗ്ഗനിർദ്ദേശം തേടുക : ഇമിഗ്രേഷൻ അഭിഭാഷകർക്കോ വിദ്യാർത്ഥി ഉപദേഷ്ടാക്കൾക്കോ വ്യക്തതയും പിന്തുണയും നൽകാൻ കഴിയും.
