ടൊറൻ്റോ : നോർത്ത് യോർക്കിലെ ഒരു അപ്പാർട്ട്മെൻ്റിനുള്ളിൽ 17 വയസ്സുള്ള പെൺകുട്ടിക്ക് വെടിയേറ്റതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഗ്രാൻഡ്‌റാവിൻ ഡ്രൈവിലെ ജെയിൻ സ്ട്രീറ്റിലുള്ള അപ്പാർട്ട്മെൻ്റിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കൗമാരക്കാരിയായ പെൺകുട്ടിയെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് പ്രതി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
