ഓട്ടവ : കാനഡയിലുടനീളം പടരുന്ന സാൽമൊണെല്ല പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ. വിവിധ ബ്രാൻഡുകളിലെ പിസ്ത, പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങൾ എന്നിവ മൂലം രാജ്യത്ത് നൂറിലധികം പേർക്ക് അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനീകരണ സാധ്യതയുള്ളതിനാൽ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ഒന്നിലധികം ബ്രാൻഡുകളുടെ പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചു. ഇതിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

ആറ് പ്രവിശ്യകളിലായി 117 പേർക്ക് സാൽമൊണെല്ല അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി പറയുന്നു. ഇതിൽ ഭൂരിഭാഗവും കെബെക്കിലാണ്. അവിടെ 67 പേർക്ക് അസുഖം ബാധിച്ചു. ഒൻ്റാരിയോയിൽ 34 കേസുകളും ബ്രിട്ടിഷ് കൊളംബിയയിൽ ഒമ്പതും ആൽബർട്ടയിൽ നാല് കേസുകളും മാനിറ്റോബയിൽ രണ്ട് കേസുകളും ന്യൂബ്രൺസ്വിക്കിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരായ പതിനേഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് മുതൽ 95 വയസ്സ് വരെ പ്രായമുള്ളവരാണ് രോഗബാധിതരായവരിൽ ഭൂരിഭാഗവും, ഏകദേശം 74% സ്ത്രീകളുമാണ്.
