ഹാലിഫാക്സ് : വേതന വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നോവസ്കോഷയിലുടനീളമുള്ള ലോങ് ടേം കെയർ ഹോമുകളിലെ ജീവനക്കാർ പണിമുടക്കിന് തയ്യാറെടുക്കുന്നു. അറ്റ്ലാൻ്റിക് കാനഡയിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് നോവസ്കോഷയിലെ തൊഴിലാളികളെന്ന് യൂണിയൻ പറയുന്നു. ബുധനാഴ്ച, വെസ്റ്റ്‌വില്ലയിലുള്ള പ്രീമിയർ ടിം ഹ്യൂസ്റ്റണിന്റെ ഓഫീസിന് സമീപം തൊഴിലാളികൾ റാലി സംഘടിപ്പിച്ചിരുന്നു.

ലോങ് ടേം കെയർ ഹോം ജീവനക്കാരുടെ പ്രവിശ്യാ സർക്കാരുമായുള്ള കരാർ 2023-ൽ കാലഹരണപ്പെട്ടിരുന്നു. തുടർന്ന് 52 ലോങ് ടേം കെയർ ഹോം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകളുമായി ചർച്ച ആരംഭിച്ചിരുന്നു. രണ്ട് യൂണിറ്റുകൾ ഇതിനകം തന്നെ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു. ഇത്രകാലമായി കരാർ ഇല്ലാതെ തുടരുന്നതിൽ തൊഴിലാളികൾ നിരാശരാണെന്ന് യൂണിയൻ വക്താവ് പറയുന്നു.
