ഓട്ടവ: ജനറൽ മോട്ടോഴ്‌സ് ഇംഗർസോൾ പ്ലാന്റിന്റെയും തൊഴിലാളികളുടെയും ഭാവിയെ കുറിച്ച് തീരുമാനിക്കാൻ ഫെഡറൽ ഗവൺമെന്റ് 15 ദിവസത്തെ സമയം അനുവദിച്ചു. ബ്രൈറ്റ് ഡ്രോപ്പ് ഇലക്ട്രിക് ഡെലിവറി വാനിന്റെ ഉത്പാദനം നിറുത്തുകയാണെന്ന് ചൊവ്വാഴ്ച വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആയിരത്തോളം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. ഈ നീക്കം ആവശ്യകതയെ മുൻനിറുത്തിയാണെന്നും താരിഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടതല്ലെന്നും കമ്പനി വ്യക്തമാക്കി. രാജ്യങ്ങൾക്കിടയിൽ നടക്കുന്ന വ്യാപാര യുദ്ധമാണ് കാരണമെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ.

ഏപ്രിലിൽ കമ്പനി താൽക്കാലികമായി ഉൽപാദനം വെട്ടിക്കുറച്ചിരുന്നു, മെയ് മാസത്തിൽ പ്ലാന്റ് പൂർണ്ണമായും നിറുത്തിയശേഷം 1,200ലധികം തൊഴിലാളികളെ പിരിച്ചുവിട്ടു. നവംബറിൽ പ്ലാന്റ് തുടങ്ങുമെന്നാണ് പറഞ്ഞതെങ്കിലും അത് നടന്നില്ല. ജനറൽ മോട്ടേഴ്‌സ്, ഒന്റാരിയോ സർക്കാർ, യൂണിഫോർ എന്നിവരുമായി ചർച്ച നടത്തിയെന്നും കനേഡിയൻ തൊഴിലാളികൾ അനിശ്ചിതത്വമല്ല, തീരുമാനമാണ് പ്രതീക്ഷിക്കുന്നതായും ഫെഡറൽ വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞു. നിലവിൽ പ്രത്യേക പദ്ധതികളില്ലെന്ന് ജിഎം കാനഡയുടെ പ്രസിഡന്റ് ക്രിസ്റ്റ്യൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസിലെ ഉത്പാദനശേഷി കൂട്ടാൻ 13 ബില്യൺ ഡോളർ നിക്ഷേപത്തിന്റെ ഭാഗമായി സ്‌റ്റെല്ലാന്റിസ് തങ്ങളുടെ ജീപ്പ് കോമ്പസ് വാഹനത്തിന്റെ ഉത്പാദനം ബ്രാംപ്ടൺ പ്ലാന്റിൽ നിന്ന് ഇല്ലിനോയ്‌ലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. ഈ നീക്കം 3,000 തൊഴിലാളികളെ ബാധിക്കും.
