കീവ്: ശനിയാഴ്ച റഷ്യ യുക്രെയ്നിൽ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കീവ്, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിലായിരുന്നു പ്രധാനമായും നാശനഷ്ടങ്ങൾ. ആക്രമണം ശക്തമായതോടെ പാശ്ചാത്യ രാജ്യങ്ങൾ ഉടൻ തന്നെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി അടിയന്തിരമായി ആവശ്യപ്പെട്ടു.

നഗരങ്ങളെ സംരക്ഷിക്കാൻ പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് സെലെൻസ്കി X പ്ലാറ്റ്ഫോമിൽ കുറിച്ചു. കൂടുതൽ നഗരങ്ങളിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 25 പാട്രിയറ്റ് സംവിധാനങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ യുക്രെയ്ൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. സൈനിക സഹായം ഉറപ്പാക്കുന്നതിനായി അദ്ദേഹം യൂറോപ്യൻ നേതാക്കളുമായി ലണ്ടനിൽ ചർച്ചകൾ നടത്തിയിരുന്നു. റഷ്യൻ എണ്ണക്കമ്പനികൾക്ക് മേലുള്ള ഉപരോധം വ്യാപിപ്പിക്കാനും ദീർഘദൂര മിസൈലുകൾ നൽകാനും സെലെൻസ്കി അമേരിക്കയോട് അഭ്യർത്ഥിച്ചു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും യു.എസും യുക്രെയ്നും നയതന്ത്രപരമായ ഒത്തുതീർപ്പിനോട് അടുത്തതായി റഷ്യൻ പ്രതിനിധി സൂചന നൽകിയിരുന്നു. എന്നാൽ റഷ്യ അടിയന്തര വെടിനിർത്തലിനെ എതിർക്കുന്ന നിലപാടിലാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി.
