ഇസ്ലാമാബാദ്: യൂറോപ്യൻ ഏജൻസികൾ ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്കിന് ശേഷം യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (PIA). പൈലറ്റുമാരുടെ വ്യാജ ലൈസൻസ് വിവാദത്തെത്തുടർന്നായിരുന്നു വിലക്ക്. പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫിന്റെ സാന്നിധ്യത്തിൽ 284 യാത്രക്കാരുമായി ഇസ്ലാമാബാദിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
കറാച്ചി വിമാനാപകടത്തെ തുടർന്ന് നിരവധി പാക് പൈലറ്റുമാർക്ക് വ്യാജ ലൈസൻസുകളുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് 2020-ൽ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയും യൂറോപ്യൻ യൂണിയൻ ഏവിയേഷൻ ഏജൻസിയും PIA വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ വർഷം ജൂലൈയിൽ യുകെ എയർ സേഫ്റ്റി ലിസ്റ്റിൽ നിന്ന് പാക്കിസ്ഥാനെ നീക്കം ചെയ്തതോടെയാണ് സർവീസുകൾ പുനരാരംഭിക്കാൻ PIA-ക്ക് സാധിച്ചത്.

നേരിട്ടുള്ള സർവീസുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ബ്രിട്ടനിലുള്ള 1.6 ദശലക്ഷം പാക്കിസ്ഥാൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും പ്രതിരോധ മന്ത്രി ആസിഫ് പറഞ്ഞു. PIA ആദ്യ ഘട്ടത്തിൽ നടത്തുന്ന രണ്ട് സർവീസുകൾ ഘട്ടം ഘട്ടമായി ലണ്ടൻ, ബർമിംഗ്ഹാം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഏറ്റവും ലാഭകരമായ റൂട്ടുകളിലെ ഈ വിലക്ക് കാരണം PIA-ക്ക് ഏകദേശം 40 ബില്യൺ രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്കുകൾ. നഷ്ടത്തിലുള്ള എയർലൈൻസിനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സർവീസ് പുനരാരംഭിച്ചത്.
