ഇസ്താംബൂൾ: സമാധാന ചർച്ച പരാജയപ്പെട്ടാൽ കാബൂളിനെതിരെ തുറന്ന യുദ്ധത്തിന് ഇസ്ലാമാബാദ് തയ്യാറെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിർണായക രണ്ടാം ഘട്ട ചർച്ച തുർക്കിയിലെ ഇസ്താംബൂളിൽ ആരംഭിച്ചതിന് പിന്നാലെയാണ് പ്രസാതാവന. അഫ്ഗാൻ താവളമാക്കി പ്രവർത്തിക്കുന്ന നിരോധിത സംഘടനകളുടെ ഭീഷണി ഇല്ലാതാക്കാൻ ഉറപ്പ് നൽകണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യപ്പെട്ടിരിക്കുന്നത്. ചർച്ചകളുടെ ഫലം ഞായറാഴ്ചയോടെ അറിയാമെന്നാണ് സൂചന.

അതിർത്തിയിലെ തുടർച്ചയായ ഏറ്റുമുട്ടലുകളും അഫ്ഗാൻ മന്ത്രിയുടെ ന്യൂഡൽഹി സന്ദർശനത്തിന് പിന്നാലെ കാബൂളിൽ ഡ്രോൺ ആക്രമണമുണ്ടായതുമാണ് സംഘർഷങ്ങൾക്ക് തിരിക്കൊളുത്തിയത്. നിലവിൽ പാക്കിസ്ഥാന് ജല വിതരണം തടഞ്ഞുകൊണ്ട് കുനാർ നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് താലിബാൻ. വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ ഈ തീരുമാനത്തിൽ പാക്കിസ്ഥാൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഖവാജ ആസിഫിന്റെ യുദ്ധഭീഷണിയും, നദീജല തർക്കവും നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാവുകയാണ്.
