മൺട്രിയോൾ : കെബെക്കിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായതായി റിപ്പോർട്ട്. ഇതോടെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം റെക്കോർഡിൽ എത്തിയതായി ഹംഗർ കൗണ്ട് 2025 റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ ഏകദേശം 31 ലക്ഷം ആളുകളാണ് ഫുഡ് ബാങ്കുകളിൽ എത്തിയതെന്ന് കെബെക്ക് ഫുഡ് ബാങ്ക് (BAQ) എക്സിക്യൂട്ടീവ് ഡയറക്ടർ മാർട്ടിൻ മുൻഗർ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 6.6% വർധനയാണിത്. 2022 മുതൽ 37% വർധനയും ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായതായി അദ്ദേഹം പറയുന്നു.

ഫുഡ്ബാങ്ക് ഉപയോഗം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, ഈ വർഷം പ്രത്യേകിച്ചും, മുൻഗർ പറഞ്ഞു. വർധിച്ചു വരുന്ന ജീവിതചെലവാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറയുന്നു. ഭക്ഷണം, പാർപ്പിടം, ഗതാഗതം അടക്കം എല്ലാ ചിലവുകളും നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത സമ്മർദ്ദത്തിൽ, ഭക്ഷ്യ ബാങ്കുകൾ കൂടുതൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിലും, വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ പാടുപെടുകയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഊന്നിപ്പറഞ്ഞു.
