ടോക്കിയോ: 2028ൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ, എന്നാൽ ഇക്കാര്യത്തിൽ ഏറെ പിന്തുണ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി ഡോണൾഡ് ട്രംപ്. തനിക്ക് വീണ്ടും പ്രസിഡൻ്റാകാൻ താത്‌പര്യമുണ്ട്. എന്നാൽ ഒരു തവണ കൂടി മത്സരിക്കുന്നതിനെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ല. ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനന്റെ നിർദേശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മലേഷ്യയിൽ നിന്നാണ് ട്രംപ് ജപ്പാനിൽ എത്തിയത്.യു.എസ് ഭരണഘടന അനുസരിച്ച് ഒരാൾക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് ആകാൻ സാധിക്കൂ. തന്റെ കാലാവധി കഴിഞ്ഞാൽ റിപ്പബ്ലിക്കൻ പാർട്ടിയെ നയിക്കാൻ നേത്വശേഷിയുള്ള പിൻഗാമികളെ കുറിച്ചും ട്രംപ് മനസ് തുറന്നു.

2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാർഥികളായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും ആണ് ട്രംപ് പ്രഖ്യാപിച്ചത്. വേദിയിലുണ്ടായിരുന്ന റൂബിയോയെ ചൂണ്ടിക്കാണിച്ചു കൊണ്ട് തൻ്റെ പാർട്ടിക്ക് മികച്ച നേതാക്കളുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. അവരിൽ ഒരാൾ ഇവിടെ എൻ്റെ കൂടെ നിൽക്കുന്നുണ്ട്. മറ്റൊരാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മികച്ച നേതാവാണെന്നും ട്രംപ് പറഞ്ഞു. ഈ മികച്ച നേതാക്കൾക്കെതിരെ മത്സരിക്കാൻ പോലും ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ് വീണ്ടും മത്സരിക്കണമെന്ന് താത്‌പര്യപ്പെടുന്നവരിൽ ഒരാളായ സ്റ്റീവ് ബാനൻ ട്രംപിന് മൂന്നാം തവണയും മത്സരിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഈയിടെ തൻ്റെ പോഡ് കാസ്‌റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചെന്നും ഇനി യുദ്ധമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു.
