എഡ്മിന്‍റൻ : ഉയർന്ന ജീവിതച്ചെലവിനും ജനസംഖ്യാ വർധനയ്ക്കുമൊപ്പം ആൽബർട്ടയിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയും രൂക്ഷമായതായി പുതിയ റിപ്പോർട്ട്. ആൽബർട്ടയിൽ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം 2019 മുതൽ 134.4% വർധിച്ചതായി ഫുഡ് ബാങ്ക്സ് കാനഡയുടെ 2025 ഹംഗർ കൗണ്ട് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 ൽ 210,000 ആളുകളാണ് പ്രതിമാസം ഫുഡ് ബാങ്കുകളിൽ എത്തിയത്. അതിൽ ഏകദേശം 76,000 കുട്ടികളായിരുന്നുവെന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.

ഉയർന്ന ജീവിതച്ചെലവ് കാരണം ആൽബർട്ട നിവാസികൾക്ക് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ആവാത്ത അവസ്ഥയാണെന്ന് ഫുഡ് ബാങ്ക്സ് കാനഡ സിഇഒ കിർസ്റ്റിൻ ബേർഡ്‌സ്‌ലി പറയുന്നു. ജീവിതച്ചെലവുകളുടെ വെല്ലുവിളി നേരിടാനാകാതെ പലരും ഗ്രോസറി സ്റ്റോറുകളിൽ പോകാതെ ഫുഡ് ബാങ്കുകളെ തേടിയെത്തുന്നതായി അദ്ദേഹം പറഞ്ഞു. ജോലി ചെയ്യുന്ന അതേസമയം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ആൽബർട്ടയിൽ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയതലത്തിൽ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നവരിൽ ഏകദേശം 19% പേർ ജോലി ചെയ്യുന്നവരാണെങ്കിൽ ആൽബർട്ടയിൽ അത് 30 ശതമാനമാണ്, കിർസ്റ്റിൻ ബേർഡ്‌സ്‌ലി വ്യക്തമാക്കി.

രാജ്യത്തുടനീളം, പ്രതിമാസം ഫുഡ് ബാങ്കുകളിൽ എത്തുന്നവരുടെ എണ്ണം ഏകദേശം 22 ലക്ഷത്തിലധികമാണ്. ഇതിൽ തന്നെ മൂന്നിലൊന്ന് പേരും (33 ശതമാനം) കുട്ടികളാണ്. ഭക്ഷ്യബാങ്കിലെ എഴുപത് ശതമാനം ക്ലയന്റുകളും വാടക വീടുകളിലാണ് താമസിക്കുന്നത്. 8.3% മുതിർന്ന പൗരന്മാരാണ്. 2019 ൽ ഇത് 6.8 ശതമാനമായിരുന്നു.
