ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്ക്. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലെ ബോര്‍ഡ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുക. തെളിവുകള്‍ ശക്തമാകുന്ന പക്ഷം ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഈ കാലയളവിലെ ബോര്‍ഡ് മിനിറ്റ്സ് രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യംചെയ്യലിലേക്ക് കടക്കുക. സ്വര്‍ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള നിര്‍ണായക നീക്കമാണിത്.

ശബരിമലയിലെ മുഖ്യപൂജാരിയാണ് താനെന്ന് ഇതര സംസ്ഥാനങ്ങളിലുള്ളവരെ വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്താണ്. പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നല്‍കണമെന്ന് അന്വേഷണ സംഘം റാന്നി കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
അതേസമയം, തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് മുരാരി ബാബുവിനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തുവരികയാണ്. ഇരുപ്രതികളുടെയും ആസ്തി വിവരങ്ങളുടെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടും.
