വാഷിങ്ടണ്‍: ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങള്‍ സമാനമായ പരീക്ഷണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍, യുദ്ധവകുപ്പിന് ഇതിനായുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലീലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ച് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ കടുത്ത തീരുമാനമെന്നും ട്രംപ് കുറിച്ചു. പരീക്ഷണങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത് ചൈനയുടെ ആണവായുധ ശേഖരത്തിന്റെ വളര്‍ച്ചയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ആണവായുധ ശേഖരം റഷ്യയുടേതിനും അമേരിക്കയുടേതിനും ഒപ്പമെത്തുമെന്നതിനാലാണ് ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവില്‍ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയ്ക്കുണ്ടെന്നും, ഈ നേട്ടം തന്റെ ആദ്യ ഭരണകാലത്താണ് സാധ്യമായതെന്നും ട്രംപ് അവകാശപ്പെട്ടു. ആണവായുധങ്ങളുടെ ഭീകരമായ നാശനഷ്ട ശേഷി കാരണം അവയോട് വ്യക്തിപരമായി വെറുപ്പുണ്ടായിരുന്നിട്ടും, രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് അന്താരാഷ്ട്ര സാഹചര്യം പരിഗണിക്കുമ്പോള്‍ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
