വാഷിങ്ടൺ : കാനഡയ്‌ക്കെതിരായ യുഎസ് താരിഫ് അസാധുവാക്കുന്ന നിയമനിർമ്മാണം യുഎസ് സെനറ്റ് പാസാക്കി. 50-46 എന്ന വോട്ടിനാണ് പ്രമേയം പാസ്സായത്. ബുധനാഴ്ച അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽ നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകളോടൊപ്പം വോട്ട് ചെയ്തു. അലാസ്കയിലെ സെനറ്റർ ലിസ മുർക്കോവ്സ്കി, മെയ്നിലെ സൂസൻ കോളിൻസ്, കെന്‍റക്കിയിൽ നിന്നുള്ള മിച്ച് മക്കോണൽ, റാൻഡ് പോൾ എന്നിവരാണ് പാർട്ടി നിർദ്ദേശത്തെ പിന്തുടരാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. പക്ഷേ ഈ പ്രമേയം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഹൗസിൽ പാസാക്കാൻ സാധ്യത കുറവാണ്.

അതേസമയം ഒൻ്റാരിയോ സർക്കാർ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ ടെലിവിഷൻ പരസ്യം കാരണം കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 10 % കൂടി വർധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് താരിഫുകളെ വിമർശിക്കാൻ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗന്‍റെ വാക്കുകൾ പരസ്യത്തിൽ ഉപയോഗിച്ചു.
