ഓട്ടവ : റിയർവ്യൂ കാമറയിലെ സോഫ്റ്റ്‌വെയർ തകരാറിനെത്തുടർന്ന് മുപ്പതിലധികം മോഡൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട കാനഡ. ഇതിൽ ഇതിൽ ലെക്സസ് ബ്രാൻഡിലുള്ള നിരവധി മോഡലുകളും ഉൾപ്പെടുന്നു. പനോരമിക് വ്യൂ മോണിറ്റർ സിസ്റ്റം ഉള്ള വാഹനങ്ങൾ മാത്രമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ പ്രശ്നം 99,178 വാഹനങ്ങളെ ബാധിച്ചിട്ടുണ്ട്. 2025, 2026 ടൊയോട്ട കാമ്രി, 2023, 2024, 2025 ടൊയോട്ട ഹൈലാൻഡർ, 2023, 2024, 2025 ടൊയോട്ട പ്രിയസ് തുടങ്ങിയ ജനപ്രിയ മോഡലുകളും 2022 മുതൽ 2025 വരെയുള്ള 19 വ്യത്യസ്ത ലെക്സസ് വാഹന മോഡലുകളും തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഉൾപ്പെടുന്നു.

തകരാർ കാരണം വാഹനങ്ങൾ പിന്നോട്ട് എടുക്കുമ്പോൾ റിയർവ്യൂ കാമറയിൽ ദൃശ്യങ്ങൾ തെളിയാതെ വരും, ട്രാൻസ്പോർട്ട് കാനഡ പറയുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. കാർ റിവേഴ്‌സിലേക്ക് മാറ്റുമ്പോൾ റിയർവ്യൂ ഇമേജ് കാണിക്കണമെന്ന് ആവശ്യപ്പെടുന്ന കനേഡിയൻ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തിരിച്ചു വിളിച്ച വാഹനങ്ങളുടെ ഉടമകളെ രേഖാമൂലം വിവരം അറിയിക്കും. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിന് വാഹനങ്ങൾ ഡീലർഷിപ്പിൽ എത്തിക്കണമെന്ന് ടൊയോട്ട കാനഡ അറിയിച്ചു.
