ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. എണ്ണക്കമ്പനികൾ പ്രഖ്യാപിച്ച പുതിയ നിരക്കുകൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. സിലിണ്ടറിന് 4.50 രൂപ മുതൽ 6.50 രൂപ വരെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിങ്ങനെ എൽപിജിയെ ആശ്രയിക്കുന്ന ചെറുകിട സംരംഭകർക്ക് ഈ വിലക്കുറവ് നേരിയ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെയും രൂപയുടെ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ മാസാവസാനം വില പരിഷ്കരിക്കുന്നത്. അടുത്തിടെ തുടർച്ചയായി വില കുറച്ച വാണിജ്യ സിലിണ്ടറിന് ഒക്ടോബറിൽ 15 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുമുമ്പ് സെപ്റ്റംബറിൽ ഏകദേശം 51.50 രൂപയുടെ വലിയ ഇളവാണ് കമ്പനികൾ പ്രഖ്യാപിച്ചത്.

നവംബര്‍ ഒന്നിന് നിലവിൽ വന്ന പുതുക്കിയ വിലപ്രകാരം രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയിൽ 1,590.50 രൂപ, കൊല്‍ക്കത്തയില്‍ 1,694.00 രൂപ, മുംബൈയിൽ 1,542.00 രൂപ, ചെന്നൈയിൽ 1,750.00 രൂപ എന്നിങ്ങനെയാണ്. ഈ വർഷം ഏപ്രിലില്‍ 50 രൂപ വർധിപ്പിച്ച ശേഷം സിലിണ്ടറിന്റെ വില കുറയ്ക്കാൻ കമ്പനികൾ തയ്യാറാകാത്തത് സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുവെന്നാണ് വിലയിരുത്തൽ.
