വാഷിങ്ടൺ: യു.എസ്. സർക്കാരിൻ്റെ അടച്ചുപൂട്ടൽ നീളുന്നതോടെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ യാത്രാതടസ്സങ്ങൾ രൂക്ഷമാകുന്നു. ഒരു മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാർക്ക് മേലുള്ള സമ്മർദ്ദം വർധിച്ചതാണ് പ്രധാന കാരണം. ശമ്പളം മുടങ്ങുന്നതിനനുസരിച്ച് വിമാന സർവീസുകൾ തടസ്സപ്പെടുന്നത് കൂടാൻ സാധ്യതയുണ്ടെന്ന് യു.എസ്. ഗതാഗത സെക്രട്ടറി ഷോൺ ഡഫി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബോസ്റ്റൺ, ഫീനിക്സ്, സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ നിരവധി പ്രമുഖ വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങൾ വൈകുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് സിറ്റിക്ക് സമീപമുള്ള ജോൺ എഫ് കെന്നഡി, ലാഗ്വാർഡിയ, നെവാർക്ക് ലിബർട്ടി തുടങ്ങിയ വിമാനത്താവളങ്ങളിൽ ഏകദേശം രണ്ട് മണിക്കൂറോളം വരെ കാലതാമസം രേഖപ്പെടുത്തി. പ്രമുഖ എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിൽ 50 ശതമാനത്തിലധികം കേന്ദ്രങ്ങളിലും ന്യൂയോർക്ക് ഏരിയയിലെ 90 ശതമാനം കേന്ദ്രങ്ങളിലും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതായും FAA വ്യക്തമാക്കി.

ശമ്പളം മുടങ്ങുന്നത് കൺട്രോളർമാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. തുടർച്ചയായി ശമ്പളമില്ലാതെ ജോലി തുടരേണ്ട അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് നാഷണൽ എയർ ട്രാഫിക് കൺട്രോളേഴ്സ് അസോസിയേഷൻ (NATCA) വ്യക്തമാക്കി. ഈ പ്രതിസന്ധിക്ക് പുറമെ, സർക്കാർ അടച്ചുപൂട്ടലിന് മുൻപുതന്നെ 3,000 കൺട്രോളർമാരുടെ കുറവ് FAA നേരിട്ടിരുന്നു. ഇതിനിടെ ശമ്പളമില്ലാത്ത ജീവനക്കാർക്ക് സഹായവുമായി ചില വിമാനത്താവളങ്ങൾ ഭക്ഷണ സഹായങ്ങളും മറ്റും നൽകുന്നുണ്ട്.