വാഷിങ്ടണ്‍: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം.
മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള അക്രമങ്ങള്‍ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകള്‍ നടക്കുമ്പോള്‍ അമേരിക്ക വെറുതെ നോക്കിനില്‍ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

‘നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാല്‍ ഞാന്‍ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കുന്നു. നൈജീരിയയില്‍ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോള്‍, എന്തെങ്കിലും ചെയ്തേ മതിയാകൂ!, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ‘ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!’ എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്കി ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയന്‍ ബിഷപ്പിന്റെ ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപതിലധികം പേര് കൊല്ലപ്പെട്ടതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
