എഡ്മിന്റണ്‍: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള നിര്‍ബന്ധിത കുറഞ്ഞ ശിക്ഷ റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധിക്കെതിരെ കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയര്‍ പൊളിയേവ്. സുപ്രീം കോടതിയുടെ വിധിയെ ‘നോട്ട് വിത് സ്റ്റാന്‍ഡിങ് ക്ലോസ്’ (Notwithstanding Clause) ഉപയോഗിച്ച് മറികടക്കുമെന്ന് കണ്‍സര്‍വേറ്റീവ് പൊളിയേവ് പ്രഖ്യാപിച്ചു.
സി.ബി.സി. യുടെ ‘റോസ്മേരി ബാര്‍ട്ടണ്‍ ലൈവ്’ പരിപാടിയില്‍ സംസാരിക്കവെയാണ് പൊളിയേവ് തന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ‘ഈ വിധി തീര്‍ത്തും തെറ്റാണ്. ഞാന്‍ വിധിയെ എതിര്‍ക്കുന്നു, അത് മറികടക്കാന്‍ ‘നോട്ട് വിത് സ്റ്റാന്‍ഡിങ് ക്ലോസ്’ ഉപയോഗിക്കും,’ അദ്ദേഹം പറഞ്ഞു. ‘കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് എന്റെ ഭാവി സര്‍ക്കാര്‍ നിര്‍ബന്ധിത തടവുശിക്ഷകള്‍ നടപ്പിലാക്കും, അതുവഴി ഇത്തരക്കാര്‍ക്ക് വളരെക്കാലം ജയിലില്‍ കഴിയേണ്ടിവരും,’ പോളിയേവ് കൂട്ടിച്ചേര്‍ത്തു.

ചാര്‍ട്ടറിലെ സെക്ഷന്‍ 33, അഥവാ ‘നോട്ട് വിത് സ്റ്റാന്‍ഡിങ് ക്ലോസ്’, ഫെഡറല്‍ അല്ലെങ്കില്‍ പ്രൊവിന്‍ഷ്യല്‍ നിയമനിര്‍മ്മാണത്തിന് ചില ചാര്‍ട്ടര്‍ അവകാശങ്ങളെ അഞ്ച് വര്‍ഷത്തേക്ക് മറികടക്കാന്‍ അധികാരം നല്കുന്ന വ്യവസ്ഥയാണ്. അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പ് എപ്പോഴാണ് നടക്കുക എന്നത് വ്യക്തമല്ലെങ്കിലും, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിക്ക് നിലവില്‍ ന്യൂനപക്ഷ സര്‍ക്കാരാണ് ഉള്ളത്.
ഒരു വര്‍ഷത്തെ നിര്‍ബന്ധിത തടവ് ശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ 5-4 ഭൂരിപക്ഷ വിധിക്ക് എതിരെ ഫെഡറല്‍-പ്രൊവിന്‍ഷ്യല്‍ നേതാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
