വിനിപെഗ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാരണം സമ്പദ്‌വ്യവസ്ഥ മാറുന്ന സാഹചര്യത്തിൽ, പ്രവിശ്യയുടെ സാങ്കേതിക മേഖലയെ വളർത്താനും ഡാറ്റ, ഐപി ഓണർഷിപ്പ് എന്നിവയ്ക്ക് മുൻഗണന നൽകാനും ആഹ്വാനവുമായി മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. നമ്മുടെ എല്ലാ വിവരങ്ങളും യുഎസിലേക്ക് അയക്കുന്നത് നിർത്തണമെന്നും പകരം മാനിറ്റോബയിലും കാനഡയിലുടനീളവും നമ്മുടെ ശേഷി വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകൻ ജിം ബാൾസിലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ബിസിനസ്സ് നേതാക്കളുടെ ടാസ്‌ക് ഫോഴ്‌സ്, എഐ വളർച്ച സംബന്ധിച്ച റിപ്പോർട്ട് മാനിറ്റോബ സർക്കാരിന് സമർപ്പിച്ചിരുന്നു. ഐപി ആസ്തികൾ സൃഷ്ടിക്കുന്നതിനൊപ്പം, ഡാറ്റയുടെയും എഐയുടെയും സംരക്ഷണം ഉൾപ്പെടെ അഞ്ച് പ്രധാന ശുപാർശകൾ റിപ്പോർട്ടിലുണ്ട്. നിലവിൽ മാനിറ്റോബയിലെ വെബ് ട്രാഫിക്കിന്റെ ഭൂരിഭാഗവും യുഎസ് അതിർത്തി കടന്ന് ഷിക്കാഗോ വഴിയാണ് പോകുന്നതെന്നും, ഇത് ‘പാട്രിയറ്റ് ആക്ടി’ന് വിധേയമാണെന്നും കിന്യൂ ചൂണ്ടിക്കാട്ടി. ടെക്-പവർഡ് സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഡാറ്റാ സെന്ററുകളും സെർവറുകളും ഭാവിയിൽ മാനിറ്റോബയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
