ഓട്ടവ : നഗരത്തിലെ സ്കൂളുകളിൽ പകുതിയിലധികം വിദ്യാർത്ഥികളുടെയും പ്രതിരോധ കുത്തിവെപ്പ് രേഖകൾ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തൽ. ഗ്രേഡ് 2, ഗ്രേഡ് 12 വിഭാഗങ്ങളിലെ 16,000 വിദ്യാർത്ഥികളുടെ (ഈ പ്രായത്തിലുള്ള കുട്ടികളിൽ 66 ശതമാനത്തിലധികം) പ്രതിരോധ കുത്തിവെപ്പ് രേഖകൾ ഓട്ടവയിലെ പൊതുജനാരോഗ്യ വിഭാഗത്തിൽ ‘അപ്‌ഡേറ്റ്’ ചെയ്തിട്ടില്ലെന്ന് ഒക്ടോബർ 12 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

ഒന്റാരിയോയിൽ, മാതാപിതാക്കളാണ് രേഖകൾ സമർപ്പിക്കേണ്ടത്. എന്നാൽ, ഡോക്ടർമാരുടെ ഓഫീസുകളിൽ നിന്നുള്ള പഴയ കാർഡുകളും പ്രിന്റൗട്ടുകളും ട്രാക്ക് ചെയ്യാനുള്ള പ്രക്രിയ സങ്കീർണ്ണമായതിനാൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് വിവരം. വാക്സിനേഷൻ നിരക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന കാലഹരണപ്പെട്ട സംവിധാനമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

അതേസമയം, അഞ്ചാം പനി മുക്ത രാജ്യം എന്ന പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് കാനഡ. കഴിഞ്ഞ ഒരു വർഷത്തിനിടെ അയ്യായിരത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചത് ഇതിന് കാരണമായേക്കും. ഇതിന്റെ പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത ഡോക്ടർമാർ ഊന്നിപ്പറയുന്നുണ്ട്.
