ഇസ്ലാമാബാദ്: രണ്ടാഴ്ചത്തെ നീണ്ട അടച്ചിടലിന് ശേഷം ടോർഖം അതിർത്തി വീണ്ടും തുറന്ന് പാക്കിസ്ഥാൻ. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നാണ് അതിർത്തി അടച്ചത്. ദോഹയിൽ വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ അഭയാർഥികളുടെ മടങ്ങിപ്പോക്ക് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഏകദേശം 15.6 ലക്ഷം അഫ്ഗാൻ പൗരന്മാർ സ്വന്തം നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
അതിർത്തി അടച്ചതു കാരണം ആയിരക്കണക്കിന് കുടുംബങ്ങൾ കുടുങ്ങുകയും, വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമവും വിലവർദ്ധനവും ഉണ്ടാകുകയും ചെയ്തു. നിലവിൽ ടോർഖം അതിർത്തി തുറന്നിരിക്കുന്നത് അഭയാർഥികളുടെ പോക്കുവരവിനായി മാത്രമാണ്. സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ വാണിജ്യപരമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. മടങ്ങിപ്പോകുന്നവർക്കായി താൽക്കാലിക ഷെൽട്ടറുകളും വൈദ്യസഹായവും സജ്ജമാക്കിയിട്ടുണ്ട്.

തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഒക്ടോബർ 25 മുതൽ 30 വരെ ഇസ്താംബൂളിൽ നടന്ന ചർച്ചകളെത്തുടർന്നാണ് വെടിനിർത്തൽ തുടരാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനാണ് അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും നിലവിലെ തീരുമാനം.
