വിക്ടോറിയ: വിമാനയാത്ര നഷ്ടമായതിനെ തുടർന്ന് യുവാവിന് തിരികെ ലഭിച്ച പണം ട്രാവൽ ഏജൻസിക്ക് നൽകാൻ ഉത്തരവിട്ട് ബി.സി. ട്രിബ്യൂണൽ. 2023-ൽ വിക്ടോറിയയിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്ര മുടങ്ങിയ ഇഷാൻ ഉള്ളാ ഖാൻ 2,498 ഡോളർ തിരികെ ലഭിക്കുന്നതിനായി ക്രെഡിറ്റ് കാർഡ് വഴി ചാർജ്ബാക്ക് നേടിയെങ്കിലും ഇത് കരാർ ലംഘനമാണെന്നാണ് ഏജൻസിയുടെ വാദം. ബെയിൻസ് ട്രാവൽ ലിമിറ്റഡ് നൽകിയ പരാതിയിലാണ് വിധി.
സുരക്ഷാ പരിശോധനയിലെ കാലതാമസവും വിമാനം നേരത്തെ പുറപ്പെട്ടത് കൊണ്ടുമൊക്കെയാണ് യാത്ര മുടങ്ങാൻ കാരണമെന്നും അതിൽ താൻ ഉത്തരവാദിയല്ലെന്നും ഖാൻ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. എന്നാൽ ടിക്കറ്റ് നോൺ-റീഫണ്ടബിൾ ആണെന്നും, യാത്ര റദ്ദാക്കാതിരുന്നാൽ പണം നഷ്ടമാകുമെന്നും യാത്രാ വിവരങ്ങളിൽ വ്യക്തമാക്കിയതായി ട്രിബ്യൂണൽ അംഗം മാർക്ക് ഹെൻഡേഴ്സൺ നിരീക്ഷിച്ചു.

ബോർഡിങ് സമയത്തിന് മുമ്പ് ഗേറ്റിൽ എത്താൻ കഴിയാത്തതിന് ഇഷാൻ ഖാൻ മാത്രമാണ് ഉത്തരവാദി എന്ന് ട്രിബ്യൂണൽ കണ്ടെത്തി. നേരത്തെ എത്തിയിരുന്നെങ്കിൽ കാലതാമസം ഒഴിവാക്കാമായിരുന്നു. കരാർ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കൂലി, പലിശ, ഫീസ് ഉൾപ്പെടെ 2,803.40 ഡോളർ നഷ്ടപരിഹാരമായി നൽകാൻ ഇഷാൻ ഖാനോട് ട്രിബ്യൂണൽ വിധിച്ചു.
