ടൊറൻ്റോ : രാജ്യാന്തര വിദ്യാർത്ഥികൾക്ക് മേലുള്ള കാനഡയുടെ നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ നിരസിക്കുന്നത് ഇരട്ടിയായതായി പുതിയ റിപ്പോർട്ട്. 2025 ആരംഭത്തിൽ തുടർച്ചയായി രണ്ടാം വർഷവും കാനഡ രാജ്യാന്തര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെയാണിത്. താൽക്കാലിക കുടിയേറ്റക്കാരെ കുറയ്ക്കുക, വിദ്യാർത്ഥി വീസയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. ഒരു വർഷത്തിലേറെ നീണ്ട സംഘർഷത്തിനുശേഷം കാനഡ-ഇന്ത്യ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകൾ നിരസിക്കുന്നത് വർധിച്ചത് എന്നതും ശ്രദ്ധേയമാണ്. കാനഡയിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് സ്കൂൾ ആസ്ഥാനമായ വാട്ടർലൂ സർവകലാശാലയിൽ, കഴിഞ്ഞ മൂന്ന് മുതൽ നാല് വർഷമായി ഇന്ത്യയിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ടിന്‍റെ കുറവ് ഉണ്ടായിട്ടുണ്ട്. കൂടാതെ റെജൈന സർവകലാശാലയും സസ്കാച്വാൻ സർവകലാശാലയും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റിൽ കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ പഠിക്കാനുള്ള പെർമിറ്റിനായുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ ഏകദേശം 74 ശതമാനവും നിരസിക്കപ്പെട്ടതായി ഇമിഗ്രേഷൻ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഓഗസ്റ്റിൽ ഇത് ഏകദേശം 32 ശതമാനമായിരുന്നു. 2025 ഓഗസ്റ്റിൽ ചൈനീസ് വിദ്യാർത്ഥികളുടെ പഠന പെർമിറ്റുകളുടെ ഏകദേശം 24 ശതമാനവും തള്ളിയിട്ടുണ്ട്.
വ്യാജ അഡ്മിഷൻ ലെറ്ററുകൾ (LOA – Letter of Acceptance)
2023-ൽ, വ്യാജ അഡ്മിഷൻ ലെറ്ററുകളുമായി (LOA – Letter of Acceptance) ബന്ധപ്പെട്ട 1,550 പഠനാനുമതി അപേക്ഷകൾ കനേഡിയൻ അധികൃതർ കണ്ടെത്തി. അവയിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളുടെ ആണെന്ന് കാനഡ ഇമിഗ്രേഷൻ വകുപ്പ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം എല്ലാ അപേക്ഷകരിൽ നിന്നുമായി പതിനാലായിരത്തിലധികം വ്യാജ അഡ്മിഷൻ ലെറ്ററുകൾ കണ്ടെത്തിയിരുന്നു.

അതേസമയം ഇന്ത്യയിലെ വിദ്യാർത്ഥികളുടെ പഠന പെർമിറ്റ് അപേക്ഷകൾ നിരസിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പഠന പെർമിറ്റുകൾ നൽകുന്നത് കാനഡയുടെ പ്രത്യേകാവകാശമാണെന്നും ഓട്ടവയിലെ ഇന്ത്യൻ എംബസി പറഞ്ഞു. കാനഡ സർക്കാർ തങ്ങളുടെ കുടിയേറ്റ സംവിധാനത്തിൽ ആശങ്കാകുലരാണെന്നും എന്നാൽ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കിയിരുന്നു.
