വൈറ്റ് ഹോഴ്സ് : തിങ്കളാഴ്ച നടന്ന യൂകോൺ ടെറിട്ടോറിയൽ തിരഞ്ഞെടുപ്പിൽ ക്യൂറി ഡിക്സൺ നയിക്കുന്ന യൂകോൺ പാർട്ടി അധികാരത്തിലേക്ക്. അതേസമയം ലിബറൽ പാർട്ടി കനത്ത പരാജയം നേരിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻഡിപി ഔദ്യോഗിക പ്രതിപക്ഷമാകും. വൈറ്റ്‌ഹോഴ്‌സ് വെസ്റ്റ് റൈഡിങ്ങിൽ നിലവിലെ ലിബറൽ ലീഡർ മൈക്ക് പെംബർട്ടൺ പരാജയപ്പെട്ടു.

ആകെയുള്ള 21 റൈഡിങ്ങുകളിൽ എട്ടിലും യൂകോൺ പാർട്ടി മുന്നേറുന്നതായി ഇലക്ഷൻസ് യൂകോൺ റിപ്പോർട്ട് ചെയ്തു. ക്യൂറി ഡിക്സൺ കോപ്പർബെൽറ്റ് നോർത്ത് സീറ്റ് നിലനിർത്തിയപ്പോൾ എംഎൽഎമാരായ ബ്രാഡ് കാതേഴ്‌സും സ്കോട്ട് കെന്റും യഥാക്രമം ലേക്ക് ലാബെർജിലും കോപ്പർബെൽറ്റ് സൗത്തിലും വിജയം തുടർന്നു. പുതിയ റൈഡിങ്ങായ വിസിൽ ബെൻഡ് നോർത്തിൽ നിന്നും യോവോൺ ക്ലാർക്ക് വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ലിബറൽ പ്രീമിയർ രഞ്ജ് പിള്ളയുടെ സീറ്റായ പോർട്ടർ ക്രീക്ക് സൗത്തിൽ യൂകോൺ പാർട്ടി സ്ഥാനാർത്ഥി ആദം ഗെർലെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂകോൺ പാർട്ടിക്ക് വേണ്ടി പോർട്ടർ ക്രീക്ക് സെന്‍ററിലും പോർട്ടർ ക്രീക്ക് നോർത്തിലും ടെഡ് ലേക്കിംഗും ഡോറിസ് ആൻഡേഴ്‌സണും യഥാക്രമം വിജയത്തിലേക്ക് കുതിക്കുന്നു.
