ടൊറന്റോ: കാനഡയിൽ നിന്നും യു.എസിലേക്ക് പറക്കുന്നവരുടെ എണ്ണത്തിൽ ഇടിവ്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം കാനഡയിൽ നിന്ന് യുഎസിലേക്ക് 12 ലക്ഷം ആളുകളാണ് യാത്ര ചെയ്തത്. 2024 ലെ ഇതേ മാസത്തേക്കാൾ 10.5 ശതമാനം കുറവാണിത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിലാണ് ഈ സൂചനകൾ. കാനഡയിലെ പ്രധാനപ്പെട്ട എട്ട് വിമാനത്താവളങ്ങളിലെ പ്രീ-ബോർഡ് സെക്യൂരിറ്റി സ്ക്രീനിംഗ് ചെക്ക്പോസ്റ്റുകളിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏജൻസി ഡാറ്റ സമാഹരിച്ചത്. കാനഡയ്ക്കുള്ളിലെ ആഭ്യന്തര യാത്രകൾക്കായി 25 ലക്ഷം യാത്രക്കാരെ സ്ക്രീനിംഗ് ചെയ്തപ്പോൾ 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് 10.2 ഉം 2019 സെപ്റ്റംബറിനേക്കാൾ 11.6 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

യു.എസിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും സെപ്റ്റംബറിലെ കണക്കെടുക്കുമ്പോൾ വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ശരാശരി 3.7 ശതമാനം വർധനവുണ്ടായി. കാനഡ എയർപോർട്ടിൽ നിന്നും യു. എസ് ഇതര രാജ്യങ്ങളിലേക്ക് പറന്ന കനേഡിയൻ പൗരൻമാർ അല്ലാത്ത യാത്രക്കാരുടെ എണ്ണവും കൂടിയതായി കണക്കുകൾ പറയുന്നു. ഇങ്ങനെ യാത്ര ചെയ്തവരുടെ എണ്ണം 14 ലക്ഷമാണ്.
2024, 2019 സെപ്റ്റംബർ മാസത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ഇത് യഥാക്രമം 6.9, 12.2 ശതമാനമാണ് വർദ്ധിച്ചത്.
