മൺട്രിയോൾ : 50 വർഷത്തിലേറെ നീണ്ട ചരിത്രത്തിലാദ്യമായി സൊസൈറ്റി ഡെസ് ആൽക്കൂൾസ് ഡു കെബെക്ക് (SAQ) ലെ ഓഫീസ്, സാങ്കേതിക, പ്രൊഫഷണൽ ജീവനക്കാർ വ്യാഴാഴ്ച മുതൽ പണിമുടക്കും. കരാർ അവസാനിച്ച സാഹചര്യത്തിൽ സിൻഡിക്കറ്റ് ഡു പേഴ്സണൽ ടെക്നിക് എറ്റ് പ്രൊഫഷണൽ ഡി ലാ SAQ (SPTP-SAQ-CSN) പ്രതിനിധീകരിക്കുന്ന ക്രൗൺ കോർപ്പറേഷനിലെ ഏകദേശം 500 ജീവനക്കാരാണ് ഏഴ് ദിവസത്തേക്ക് പണിമുടക്കുന്നത്.

മാർച്ചിൽ ക്രൗൺ കോർപ്പറേഷനുമായുള്ള കരാർ അവസാനിച്ചിരുന്നു. ഒക്ടോബർ ആദ്യം ജീവനക്കാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. വേതന വർധനയ്ക്ക് ഒപ്പം ടെലിവർക്കിങ് ഉൾപ്പെടുത്തുക എന്നതും ജീവനക്കാരുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം യൂണിയനും ജീവനക്കാർക്കും SAQ നും തൃപ്തികരമായ കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ കരാർ ചർച്ച തുടരുന്നുണ്ടെന്ന് യൂണിയൻ വക്താവ് അറിയിച്ചു.
