വാഷിങ്ടണ്‍: അമേരിക്കയിലെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന് ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന് മിസോറി സിറ്റി മേയറാകുന്നത്. മേയര്‍ തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടാണ് റോബിന് ഇലക്കാട്ടിന് ലഭിച്ചത്. എതിര് സ്ഥാനാര്‍ഥി ജെഫ്രി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്.

2009 ലാണ് റോബിൻ ആദ്യമായി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജനെന്ന നേട്ടം സ്വന്തമാക്കി. 2020 ഡിസംബറിലാണ് റോബിന് മിസോറി സിറ്റിയുടെ മേയറായി ചുമതലയേറ്റത്. തുടർന്ന് 2011ലും 2013 ലും കൗൺസിൽ അംഗമായിരുന്ന റോബിൻ 2015 ൽ രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു. തുടർന്ന് വീണ്ടും അദ്ദേഹം പൊതുരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ റോബിനെ ജനകീയ നേതാവാക്കി മാറ്റി.
