ന്യൂയോർക്ക്: ശതകോടീശ്വരനും സി.ഇ.ഒയുമായ ഇലോൺ മസ്‌ക് ടെസ്‌ല കമ്പനിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഓഹരി ഉടമകൾ ഇന്ന് തീരുമാനമെടുക്കും. പ്രാദേശിക സമയം നവംബർ ആറ് രാവിലെ 11.59നാണ് വോട്ടെടുപ്പ് പൂർത്തിയാകുക. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയിൽ മസ്‌കിന് 423.7 ദശലക്ഷം പുതിയ ഓഹരികൾ നൽകുന്ന പാക്കേജ് അംഗീകരിക്കണോ എന്ന കാര്യത്തിലാണ് വോട്ടെടുപ്പ്. നിലവിൽ 1.4 ലക്ഷം കോടി ഡോളറാണ് ടെസ്‌ലയുടെ വിപണി മൂലധനം. ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള പാക്കേജിലാണ് വോട്ടെടുപ്പ്. പത്ത് വർഷത്തിനുള്ളിൽ ടെസ്‌ലയുടെ വിപണി മൂലധനം 8.5 ലക്ഷം കോടി ഡോളറായി ഉയർത്തണം, വാഹന വിൽപന പ്രതിവർഷം 20 ലക്ഷമാക്കണം എന്നീ രണ്ടു പാക്കേജുകളാണ് മസ്‌കിന് മുന്നിലുള്ളത്. ഈ നേട്ടം അംഗീകരിച്ചാൽ മസ്‌കിന്റെ പുതിയ ഓഹരികളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളർ അതായത് 8.85 ലക്ഷം കോടി രൂപയാകും. ലോക ചരിത്രത്തിൽ ഒരു കമ്പനി സി.ഇ.ഒക്ക് ഇത്രയും വലിയൊരു പക്കേജ് ലഭിക്കുന്നത് ആദ്യമായാണ്. 12 ഘട്ടങ്ങളിലായാണ് ഓഹരികൾ നൽകേണ്ടത്.

2004ലാണ് മസ്‌ക് ഒരു നിക്ഷേപകനായി ടെസ്‌ലയിലെത്തുന്നത്. പിന്നീട് സി.ഇ.ഒ പദവിയിലേക്ക് വളരുകയായിരുന്നു. ഇന്ന് സ്‌പേസ് എക്‌സ്, എക്‌സ് എഐ, ദി ബോറിങ് കമ്പനി, ന്യൂട്രാലിങ്ക് തുടങ്ങിയ നിരവധി കമ്പനികളുടെ ഉടമയാണ് അദ്ദേഹം. മസ്‌ക് പോകുകയാണെങ്കിൽ ടെസ്‌ല സാധാരണ കാർ കമ്പനി ആകുമെന്ന് ബോർഡ് ചെയർമാൻ റോബിൻ ഡെൻഹോം ഓഹരി ഉടമകൾക്ക് കത്ത് നൽകി. ദശലക്ഷക്കണക്കിന് സെൽഫ് ഡ്രൈവിങ് റോബോട്ടുകളും ഹ്യൂമനോയിഡ് റോബോട്ടുകളും വിൽക്കുന്ന എ.ഐ ഭീമനായി ടെസ്‌ലയെ മാറ്റാൻ മസ്‌കിന് മാത്രമേ കഴിയൂവെന്നാണ് ബോർഡിന്റെ നിലപാട്. ലോകത്തിലെ ഏറ്റവും ധനികനായ മസ്‌കിന് ഇത്രയും വലിയ പാക്കേജ് വേണോ എന്നാണ് ഓഹരി ഉടമകളുടെ സംശയം. അതേ സമയം മസ്‌ക് ടെസ്‌ല വിട്ടാൽ ഓഹരി മൂല്യം ഇടിയുമോ എന്നും ആശങ്കയുണ്ട്. സെൽഫ് ഡ്രൈവിങ് റോബോട്ടുകളും ഹ്യൂമനോയിഡ് റോബോട്ടുകളും വിൽക്കുന്ന എ.ഐ കമ്പനിയായി ടെസ്‌ലയെ മുൻനിരയിൽ എത്തിക്കണമെങ്കിൽ മസ്‌ക് വേണം എന്നതും ഇവർക്ക് മുന്നിൽ സമ്മർദ്ദമായി നിൽക്കുന്നു.
ടെസ്‌ലയിൽ 1.2 ശതമാനം ഓഹരിയുള്ള നോർവെയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ നോർജസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് മസ്‌കിനെതിരെ ഇതിനകം വോട്ട് ചെയ്തു.
