ടൊറന്റോ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടുത്തയാഴ്ച കാനഡ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഒന്റാരിയോ, നയാഗ്ര മേഖലയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം കാനഡയിലെത്തുന്നത്. കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാണ്. പുതിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാർണിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയും, കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദിൻ്റെ ഇന്ത്യാ സന്ദർശനവും ബന്ധം മെച്ചപ്പെടുത്താനുള്ള അടിത്തറയിട്ടിരുന്നു. ഖലിസ്ഥാൻ വിഷയത്തിൽ നിലനിന്ന അഭിപ്രായവ്യത്യാസങ്ങൾ മാറ്റി, ശുദ്ധ ഊർജ്ജം, സാമ്പത്തിക സഹകരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. അതിനാൽ, ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രായോഗിക സഹകരണത്തിന് സുപ്രധാന ചുവടുവെപ്പായേക്കും.
