എഡ്മിൻ്റൻ: വിന്ററില്‍ ഏറെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിന് ആശ്വാസം പകർന്ന് സമന്വയ ആല്‍ബര്‍ട്ട യൂണിറ്റ്. ഓരോ വീടുകളിലും കയറിയിറങ്ങി യൂണിറ്റ് അംഗങ്ങള്‍ നടത്തിയ വിന്റര്‍ ജാക്കറ്റ് സമാഹരണമാണ് ഒരുപാട് കുടുംബങ്ങള്‍ക്ക് സ്നേഹോഷ്മളത പകര്‍ന്നത്. യൂണിറ്റ് ശേഖരിച്ച നൂറുകണക്കിന് വിന്റര്‍ ജാക്കറ്റുകള്‍ വിതരണത്തിനായി ലയണ്‍സ് ക്ലബിന് കൈമാറിയതോടെ വലിയൊരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് ഈ യൂണിറ്റ് പൂര്‍ത്തിയാക്കിയത്. ഓരോ അംഗങ്ങളും സ്വയം സമര്‍പ്പിത മനസോടെയാണ് ഈ ഉദ്യമത്തിന്റെ ഭാഗമായത്.
നവംബർ 7 ന് മില്‍വുഡ്സ് ലെെബ്രറി ഹാളിൽ നടന്ന ലളിതമായ ചടങ്ങില്‍ Edmonton- Millwoods MLA Christina Gray യുടെയും ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ഡോ. തോമസ് വര്‍ഗീസിന്റെയും സാന്നിധ്യത്തില്‍ സമന്വയ യൂണിറ്റ് പ്രസിഡന്റ് സുമിത് സുകുമാരനും സമന്വയ യൂണിറ്റ് സെക്രട്ടറിയും എഡ്മിന്റന്‍ മലയാളി ലയണ്‍സ് ക്ലബ് പ്രസിഡൻ്റും കൂടിയായ സോവറിന്‍ ജോണും ജാക്കറ്റുകൾ ഏറ്റുവാങ്ങി. തുടര്‍ന്നു MLA ക്രിസ്റ്റിന, സമന്വയ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും യൂണിറ്റിന് എല്ലാവിധ പിന്തുണയും അറിയിച്ചു.

സാമൂഹിക ഉന്നമനത്തിനായി നടത്തുന്ന എല്ലാവിധ മാനുഷിക പ്രവര്‍ത്തനങ്ങളും സമന്വയ ഏറ്റെടുക്കുമെന്ന് യൂണിറ്റ് പ്രസിഡണ്ട് സുമിത്ത് ചടങ്ങില്‍ ഉറപ്പു നല്കി. അതോടൊപ്പം സമന്വയ നാളിതുവരെ സമന്വയ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമാണ് സമന്വയയുടെയും ലയണ്‍സിന്റെയും ഡി.എൻ.എ എന്നും അതുകൊണ്ടു തുടര്‍ന്നും സമന്വയ കള്‍ച്ചറല്‍ അസ്സോസിയേഷ നുമായുള്ള ഊഷ്മളമായ സഹകരണം തുടരുമെന്നും ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ തോമസ് വര്‍ഗീസ് വാഗ്ദാനം നല്കി.

. ലോക കേരളസഭ അംഗവും സമന്വയ കാനഡ മുന്‍ പ്രസിഡന്റുമായ ഷാജേഷ് പുരുഷോത്തമന്, ആല്‍ബർട്ട യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ജോമോന് ജോസഫ്, ലിജിത ഷാജേഷ്, സുമേഷ് ജെ നായര്‍, അനില്‍ പിള്ള, സമന്വയ അംഗം നെബുസന്, എഡ്മിന്റന്‍ മലയാളി ലയണ്‍സ് ക്ലബ് സെക്രട്ടറി അനൂപ് അബ്രഹാം, ഫസ്റ്റ് വിപി ജോസ് സിറിയക് , അഡ്മിനിസ്ട്രേറ്റര്‍ സരിത മാത്യു, ലയണ്‍ നേഹ ജോസ് ഗൈഡിങ് ലയണ്‍ ബാര്‍ബ്, ലഡുക് ലയണ്‍സ് ക്ലബ് പ്രസിഡൻ്റ് വാള്‍ട്ടര്‍, ലയണ്‍ ജാക്ക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
