ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ച കാരണം ഒൻ്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി എൻവയൺമെൻ്റ് കാനഡ. കപുസ്കസിങ്, ഹെയർസ്റ്റ്, ലോങ്‌ലാക്ക് എന്നിവയുൾപ്പെടെ തണ്ടർ ബേയുടെ കിഴക്കൻ പ്രദേശത്ത് എട്ട് മുതൽ 12 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുവീഴ്ച വെള്ളിയാഴ്ച വരെ തുടരും. ഈ വാരാന്ത്യത്തിൽ തെക്കൻ ഒൻ്റാരിയോയിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നും പ്രവചനമുണ്ട്.

മഞ്ഞുവീഴ്ച കാരണം റോഡുകൾ തെന്നിമാറാനും യാത്രകൾക്ക് തടസ്സമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ ചിലപ്പോൾ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. മഞ്ഞു അടിഞ്ഞുകൂടുന്നതിനാൽ ഹൈവേ 11 വഴിയുള്ള യാത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ശീതകാല ടയറുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
