ഫ്രെഡറിക്ടൺ : രാജ്യത്തിന്‍റെ സാമ്പത്തിക ഭാവിക്കും ദേശീയ സുരക്ഷയ്ക്കും നിർണായകമാവുന്ന രാഷ്ട്രനിർമ്മാണ പദ്ധതികളുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ടിൽ നടക്കുന്ന ചടങ്ങിലായിരിക്കും പ്രഖ്യാപനം. ന്യൂബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫ്രെഡറിക്ടണിൽ നടന്ന പത്രസമ്മേളനത്തിലാണ് കാർണി വിവരം അറിയിച്ചത്.

കാനഡയുടെ ഈസ്റ്റ്, വെസ്റ്റ് തീരങ്ങളിൽ നിന്ന് ആരംഭിച്ച് രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും പരിഗണനയിലുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ട്രാൻസ് മൗണ്ടൻ കോർപ്പറേഷൻ മുൻ സിഇഒയും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോൺ ഫാരെൽ നയിക്കുന്ന മേജർ പ്രോജക്ട്സ് ഓഫീസ് (എംപിഒ) പ്രവർത്തിക്കുന്നുണ്ട്. കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും യുഎസുമായുള്ള വ്യാപാര യുദ്ധത്തെ നേരിടാനുമാണ് ബിൽഡിങ് കാനഡ ആക്ട് എന്ന് വിളിക്കുന്ന ബിൽ സി-5 പ്രകാരമാണ് എംപിഒ സ്ഥാപിച്ചത്.

ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വികസന പദ്ധതി, ആണവ പദ്ധതി, ടെർമിനൽ കണ്ടെയ്നർ പദ്ധതി തുടങ്ങിയവ ഉൾപ്പെടെ സെപ്റ്റംബർ മധ്യത്തിൽ പ്രഖ്യാപിച്ച ആദ്യ ഘട്ട പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകിയത്.
