എഡ്മിന്‍റൻ : 2025-26 ഫ്ലൂ സീസണ് തുടക്കമായതിന് പിന്നാലെ പ്രവിശ്യയിൽ ഒരാൾ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചതായി ആൽബർട്ട സർക്കാർ അറിയിച്ചു. 60 വയസ്സുള്ള വയോധികനാണ് മരിച്ചത്. ഈ വർഷം വെല്ലുവിളി നിറഞ്ഞ ഫ്ലൂ സീസൺ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. 2024-25-ൽ 237 ആൽബർട്ട നിവാസികൾ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചിരുന്നു.

കഴിഞ്ഞ നാല് സീസണുകളിലായി ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന മരണ നിരക്ക് വർധിച്ചതായി ആൽബർട്ട റെസ്പിറേറ്ററി വൈറസ് ഡാഷ്‌ബോർഡ് ഡാറ്റ സൂചിപ്പിക്കുന്നു. 2023-24 ൽ 171 പേർ മരിച്ചപ്പോൾ 2022-23 ൽ 123 പേരും 2021-22 ൽ 20 പേരുമാണ് ഇൻഫ്ലുവൻസ ബാധിച്ച് പ്രവിശ്യയിൽ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഓരോ സീസണിലും ഇൻഫ്ലുവൻസ ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പ്രവിശ്യാ നിവാസികളുടെ എണ്ണവും ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം, ഫ്ലൂ ബാധിച്ച് 3,732 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ 2023-24 ൽ 3,358 പേർ, 2022-23 ൽ 2,192 പേർ, 2021-22 ൽ 532 പേർ എന്നിങ്ങനെയായിരുന്നു ആശുപത്രി പ്രവേശനം.

ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നതിനാൽ ഈ വർഷം ഫ്ലൂ സീസൺ തീവ്രത കൂടാൻ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ് മാസം പ്രായമുള്ളവർ മുതൽ ആർക്കും വാക്സിൻ എടുക്കാം. ക്രിസ്മസ് സമയത്താണ് സാധാരണയായി ഫ്ലൂ കേസുകൾ വർധിക്കുക. അതിനാൽ ഇപ്പോൾ തന്നെ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു. ചെറിയ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഫ്ലൂവിനു പുറമെ RSV, COVID-19 എന്നിവയ്‌ക്കെതിരെയും വാക്സിൻ ലഭ്യമാണ്. കൈ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിലിരിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കാനും അധികൃതർ ഓർമ്മിപ്പിച്ചു.
