വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കംലൂപ്സിനടുത്ത് ട്രെയിൻ പാളം തെറ്റിയത് പാറ ഇടിഞ്ഞുവീണതിനെ തുടർന്നാണെന്ന് കരുതുന്നതായി കനേഡിയൻ പസഫിക് കൻസാസ് സിറ്റി റിപ്പോർട്ട് ചെയ്തു. നവംബർ 1 ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ ചെറി ക്രീക്കിന് സമീപമാണ് സിപികെസി ട്രെയിൻ പാളം തെറ്റിയത്. ട്രെയിൻ ബോഗികളിൽ നിന്നും 70,000 ലിറ്ററിലധികം ജെറ്റ് ഇന്ധനം കംലൂപ്സ് തടാകത്തിലേക്ക് ചോർന്നിരുന്നു. പാളം തെറ്റലിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് സിപികെസി ഡയറക്ടർ മൈക്ക് ലോവെച്ചിയോ പറഞ്ഞു. അതേസമയം ഗതാഗത സുരക്ഷാ ബോർഡിന്‍റെ അന്വേഷണം പൂർത്തിയാകാൻ വർഷങ്ങളെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാൽഗറിക്കും വാൻകൂവറിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ റെയിൽ പാതയിൽ ഒരു ലോക്കോമോട്ടീവും ഏകദേശം 17 ബോഗികളുമാണ് പാളം തെറ്റിയത്. ബോഗികളിൽ നാലെണ്ണം ഇന്ധനം നിറച്ചതും അഞ്ചെണ്ണം ജിപ്സവും ഒരെണ്ണം പൾപ്പ് ഉൽപ്പന്നങ്ങൾ നിറച്ചതുമായിരുന്നു. പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം 12,700 ലിറ്റർ വ്യോമയാന ഇന്ധനം ചോർന്നിട്ടുണ്ട്.
