കൊച്ചി: ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന ആ സിനിമ ‘ലോക’ യിൽ സംഭവിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി സ്‌ക്രീന്‍ പങ്കിടുന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച ‘ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളിലാണ് വാപ്പയും താനും എത്തുകയെന്നും തനിക്ക് കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവില്‍ ലഭിച്ച സുവര്‍ണാവസരമാണിതെന്നും ദുല്‍ഖര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രമല്ല അദ്ദേഹം ഒന്നിച്ചഭിനയിക്കാന്‍ സമ്മതിച്ചതെന്നും ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നതെന്നും ദുല്‍ഖര്‍ കുറിച്ചു.

‘ലോക’യുടെ ഇനിയുള്ള സിനിമകളില്‍ ‘മൂത്തോന്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തും എന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റര്‍ വണ്‍’ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി താരമായും എത്തിയിരുന്നു. ”ലോകയുടെ ബജറ്റ് ആദ്യം പ്ലാന്‍ ചെയ്തതിന്റെ ഇരട്ടിയായി ഉയര്‍ന്നുപോയിരുന്നു. ബജറ്റിനെക്കുറിച്ച് കേട്ടപ്പോള്‍ വാപ്പയും അല്‍പ്പം ആശങ്കയിലായി. ‘ലോക’യുടെ ഇനിയുള്ള ഭാഗങ്ങളില്‍ വാപ്പ തീര്‍ച്ചയായും ഉണ്ടാകും. വാപ്പയ്‌ക്കൊപ്പം ഞാന്‍ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ലോക’. സിനിമയില്‍ എത്തി 14 വര്‍ഷത്തിന് ശേഷമാണ് എനിക്ക് ഈ സുവര്‍ണാവസരം ലഭിച്ചത്, എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാന്‍ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണ്.” ദുല്‍ഖര്‍ സല്‍മാന്റെ ഹൃദയം തൊടുന്ന വാക്കുകള്‍ ഇങ്ങനെ പോകുന്നു.
