ഹാലിഫാക്സ് : കടുത്ത വരൾച്ചയെ തുടർന്ന് നഗരത്തിൽ നടപ്പിലാക്കിയ നിർബന്ധിത ജല നിയന്ത്രണങ്ങൾ രണ്ട് മാസത്തിന് ശേഷം പിൻവലിച്ച് ഹാലിഫാക്സ് വാട്ടർ. സെപ്റ്റംബർ 10-നാണ് ലേക്ക് മേജർ ജലവിതരണ പ്ലാൻ്റിൽ നിന്നുള്ള ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഡാർട്ട്മൗത്ത്, ബേൺസൈഡ്, കോൾ ഹാർബർ, വെസ്റ്റ്ഫാൽ, നോർത്ത് പ്രെസ്റ്റൺ, ഈസ്റ്റേൺ പാസേജ് എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ബാധിച്ചു.

അടുത്തിടെ പെയ്ത മഴ ലേക്ക് മേജറിലെ ജലനിരപ്പ് 70 സെന്റീമീറ്റർ വർധിച്ചതോടെയാണ് ബുധനാഴ്ച ഹാലിഫാക്സ് വാട്ടർ നിർബന്ധിത ഉത്തരവ് പിൻവലിച്ചത്. ജലനിരപ്പ് പതുക്കെ വീണ്ടെടുക്കുന്നുണ്ടെന്നും ശൈത്യകാല മാസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ് മേഖലയിലുടനീളമുള്ള തടാകങ്ങൾ പൂർണ്ണമായും നിറയ്ക്കാൻ ആവശ്യമായ വെള്ളം നൽകുമെന്നും ഹാലിഫാക്സ് വാട്ടർ അറിയിച്ചു.
