ഇസ്ലാമാബാദ്: രാജ്യത്തെ സൈനിക മേധാവിയുടെ അധികാരങ്ങള്‍ വിപുലീകരിക്കാനും സുപ്രീം കോടതിയുടെ അധികാരപരിധി നിയന്ത്രിക്കാനുമുള്ള പുതിയ ഭരണഘടനാ ഭേദഗതിക്ക് പാക്കിസ്ഥാൻ പാര്‍ലമെന്റ് അംഗീകാരം നല്കി. ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.
പുതിയ ഭേദഗതിയുടെ ഭാഗമായി കരസേനാ മേധാവി അസിം മുനീറിനെ ‘ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ്’ എന്ന പുതിയ പദവിയിലേക്ക് ഉയര്‍ത്തും. ഇതോടെ അദ്ദേഹം നാവികസേനയുടെയും വ്യോമസേനയുടെയും കമാന്‍ഡ് ഔദ്യോഗികമായി ഏറ്റെടുക്കും. കാലാവധി പൂര്‍ത്തിയായാലും അദ്ദേഹത്തിന് തന്റെ പദവി നിലനിര്‍ത്തുകയും ആജീവനാന്ത നിയമപരിരക്ഷ നേടുകയും ചെയ്യാം.

ചെറിയ മാറ്റങ്ങള്‍ക്കായി, തിങ്കളാഴ്ച ബില്‍ പാസാക്കിയ സെനറ്റിലേക്ക് ഇത് തിരിച്ചയക്കും. അതിനുശേഷം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പുവെക്കുന്നതോടെ ഭേദഗഗതി ഭരണഘടനയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തും.
ഭേദഗതി പ്രകാരം, ഈ വര്‍ഷം ആദ്യം പഞ്ചനക്ഷത്ര റാങ്കുള്ള ജനറലായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മുനീറിന് അഭൂതപൂര്‍വമായ അധികാരങ്ങളായിരിക്കും ലഭിക്കുക. കരസേനയെ കൂടാതെ നാവികസേനയുടെയും വ്യോമസേനയുടെയും മേല്‍നോട്ടം വഹിക്കുന്ന, പുതുതായി രൂപീകരിച്ച ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് എന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തും. അതോടൊപ്പം ക്രിമിനല്‍ വിചാരണയില്‍ നിന്ന് ആജീവനാന്തം സംരക്ഷണവും നല്‍കും.
പുതിയഭരണഘടനാ ഭേദഗതിയിലൂടെ അദ്ദേഹത്തെ എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനാക്കി നിര്‍ത്തുന്നതിലൂടെ സിവിലിയന്‍ മേല്‍ക്കോയ്മ എന്ന തത്വത്തെ പരിഹസിക്കുകയാണ് പാക്ക് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എക്സിക്യൂട്ടീവ് അധികാരത്തിന് മേലുള്ള ഏക കടിഞ്ഞാണായ സുപ്രീം കോടതിയുടെ അധികാരങ്ങളെയും പ്രവര്‍ത്തനപരിധിയെയും ഈ ഭേദഗതി വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുന്നു.
