ഒൻ്റാരിയോ: രക്ഷിതാക്കൾക്ക് സ്കൂൾ ബോർഡുകളുമായി നേരിട്ട് ബന്ധപ്പെടാനും സ്‌കൂൾ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചർച്ച ചെയ്‌ത് ഉചിത പരിഹാരം കണ്ടെത്താനുമായി സ്‌കൂൾ ബാേർഡുകൾക്കുള്ളിൽ സപ്പോർട്ട് ഓഫീസുകൾ സ്ഥാപിക്കുമെന്ന് ഒൻ്റാരിയോ വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര. നിലവിൽ പ്രവിശ്യാ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള അഞ്ച് ബോർഡുകളിൽ ഈ പദ്ധതി തുടങ്ങും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുടുംബങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങളും സമയബന്ധിതമായ പരിഹാരങ്ങളും നൽകാൻ സ്‌റ്റുഡൻ്റ് ആൻ്റ് ഫാമിലി സപ്പോർട്ട് ഓഫീസുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മോശം നടത്തിപ്പിൻ്റെ പേരിൽ പ്രവിശ്യ, നിയന്ത്രണം ഏറ്റെടുത്ത അഞ്ച് ബോർഡുകളിലാണ് ഓഫീസുകൾ ആദ്യം തുറക്കുക. ഈ ബോർഡുകൾ ജനുവരിയിൽ തന്നെ പ്രവർത്തനം തുടങ്ങും. മറ്റ് എല്ലാ സ്കൂൾ ബോർഡുകളും സെപ്റ്റംബർ 1-നകം ഈ ഓഫീസുകൾ തുറക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. നിലവിലുള്ള സാഹചര്യത്തിൽ ബോർഡുകൾ
ട്രസ്റ്റിമാർക്ക് തിരികെ നൽകാനുള്ള സാധ്യത കുറവാണെന്ന് മന്ത്രി കലന്ദ്ര സൂചന നൽകി. മാത്രമല്ല, സ്കൂൾ ബോർഡ് ട്രസ്റ്റി പദവി പൂർണ്ണമായി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ബോർഡുകൾ സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് എന്ന സൂചനയ്‌ക്കിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സ്കൂൾ ബോർഡുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള പുതിയ ബില്ലുമായി പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ മുന്നോട്ടു പോകുകയാണ്. ഈ ബിൽ പാസായാൽ കൂടുതൽ സ്കൂൾ ബോർഡുകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തേക്കും.
