ടൊറന്റോ : ട്രാഫിക് നിയന്ത്രണ നടപടികൾക്കായി മുനിസിപ്പാലിറ്റികൾക്ക് 21 കോടി ഡോളർ നീക്കിവച്ച് ഒന്റാരിയോ സർക്കാർ. പുതിയ ‘റോഡ് സുരക്ഷാ സംരംഭക ഫണ്ട്’ വഴിയാണ് തുക ലഭ്യമാക്കുക. സ്പീഡ് കാമറകൾ ഉണ്ടായിരുന്ന സ്കൂൾ, കമ്മ്യൂണിറ്റി മേഖലകളിലെ സ്പീഡ് ബമ്പുകൾ, ഉയർത്തിയ ക്രോസ് വാക്കുകൾ, പുതിയ സൈനേജുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി 4.2 കോടി ഡോളർ നൽകുമെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ പ്രസ്താവനയിൽ അറിയിച്ചു. ബാക്കിയുള്ള 16.8 കോടി ഡോളറിനായി അർഹരായ മുനിസിപ്പാലിറ്റികൾക്ക് അപേക്ഷിക്കാം. സ്പീഡ് കാമറകൾ നിരോധിക്കാനുള്ള നടപടികൾ ഡഗ് ഫോർഡ് സർക്കാർ ശക്തിപ്പെടുത്തുന്നതിനിടയിലാണ് ധനസഹായ പ്രഖ്യാപനം.

അതേസമയം, സ്പീഡ് കാമറകൾ വേഗത കുറയ്ക്കാൻ സഹായിക്കില്ലെന്ന പ്രീമിയർ ഡഗ് ഫോർഡിൻ്റെ വാദത്തിന് വിപരീതമായി, കാമറകൾ ഫലപ്രദമാണെന്ന് മുനിസിപ്പാലിറ്റികളും ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൻ ഗവേഷകരും ശേഖരിച്ച തെളിവുകൾ പറയുന്നു. പരിപാടി പൂർണ്ണമായി നിർത്തലാക്കുന്നതിന് പകരം മാറ്റങ്ങൾ വരുത്താൻ ഇരുപതിൽ അധികം മേയർമാർ ഫോർഡിനോട് അഭ്യർത്ഥിച്ചിരുന്നു. നിരോധനം നിലവിൽ വരുന്നതോടെ, റോഡ് സുരക്ഷാ നടപടികൾക്ക് ഇനി മുതൽ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് പകരം എല്ലാ നികുതിദായകരും പണം നൽകേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
