ഓട്ടവ : കനേഡിയൻ ആർട്ടിക് മേഖലയുടെ സാധ്യതകൾ വികസിപ്പിക്കുന്നതിൽ ചൈനയുടെയും റഷ്യയുടെയും ചാരന്മാർക്ക് കാര്യമായ താൽപ്പര്യമുള്ളതായി മുന്നറിയിപ്പ് നൽകി കനേഡിയൻ സുരക്ഷാ ഇന്റലിജൻസ് സർവീസ് (CSIS). സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും ലക്ഷ്യമിട്ട് ഈ പ്രദേശത്ത് വിദേശ രഹസ്യാന്വേഷണ ശ്രമങ്ങൾ നടക്കുന്നതായി ഏജൻസി നിരീക്ഷിച്ചിട്ടുണ്ടെന്നും CSIS ഡയറക്ടർ ഡാൻ റോജേഴ്‌സ് പറഞ്ഞു. കാനഡ നേരിടുന്ന ഭീഷണികളെക്കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിക് പ്രദേശത്ത് സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനം നേടാൻ ചൈനയെപ്പോലുള്ള ആർട്ടിക് ഇതര രാജ്യങ്ങൾ ശ്രമിച്ചുവരികയാണ്. മേഖലയിൽ കാര്യമായ സൈനിക സാന്നിധ്യമുള്ള റഷ്യയും വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഈ വെല്ലുവിളികളെ നേരിടുന്നതിനായി, CSIS തദ്ദേശീയ, ആർട്ടിക്, നോർത്തേൺ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ചാര സംഘടനകൾ നിരീക്ഷിച്ച വിവരങ്ങൾ അവരുമായി പങ്കുവെക്കുകയും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുകയും ചെയ്യുന്നതായും ഡാൻ റോജേഴ്‌സ് വ്യക്തമാക്കി.

വിദേശ കമ്പനികളുമായും നിക്ഷേപകരുമായും ബന്ധപ്പെട്ട വ്യാപാര, ഗവേഷണ അവസരങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ ദേശീയ സുരക്ഷാപരമായ കാര്യങ്ങൾ പരിഗണിക്കുന്നതിനായി, ഇന്യൂട്ട്, ടെറിട്ടോറിയൽ സർക്കാരുകൾക്ക് CSIS വിവരങ്ങൾ നൽകിയിട്ടുണ്ട്.
