മുംബൈ: ചില പെന്നി സ്റ്റോക്കുകള്‍ നിക്ഷേപകരുടെ ജീവിതം തന്നെ മാറ്റിമറിക്കും. അങ്ങനെയൊരു പെന്നി സ്റ്റോക്ക് നേട്ടമാണ് ഇപ്പോള്‍ വിപണിയിൽ വലിയ വാര്‍ത്തയായിരിക്കുന്നത്. തുച്ഛമായ വിലയില്‍ വ്യാപാരം ചെയ്യപ്പെടുന്ന ചെറുകിട കമ്പനികളുടെ ഓഹരികളെയാണ് പെന്നി സ്റ്റോക്ക് എന്നു വിളിക്കുന്നത്. വില കയ്യിലൊതുങ്ങുന്നത് കൊണ്ടാണ് സാധാരണക്കാര്‍ പെന്നി സ്‌റ്റോക്കുകള്‍ വാങ്ങുന്നത്. ഓഹരി വിപണിയില്‍ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും പെന്നി സ്റ്റോക്കുകള്‍ തന്നെയാണ്. അധികം വിലയില്ലാത്ത ഓഹരികള്‍ പിന്നീട് വന്‍ലാഭമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മിക്കവരും വാങ്ങുന്നത്. എന്നാല്‍ എപ്പോഴും അങ്ങനെ നേട്ടം സംഭവിക്കണമെന്നില്ല. സ്വാന്‍ ഡിഫന്‍സ് ആന്‍ഡ് ഹെവി ഇന്‍ഡസ്ട്രീസ് എന്ന ഓഹരിയാണ് നിക്ഷേപകര്‍ക്ക് വന്‍ലാഭം നല്‍കിയത്. ഈ വര്‍ഷം മാത്രം ഓഹരി വിലയില്‍ 2700 ശതമാനത്തിലേറെ വളര്‍ച്ചയാണ് ഓഹരി കൈവരിച്ചത്.

രാജ്യത്തെ കപ്പല്‍ നിര്‍മാണ രംഗത്തുണ്ടായ ഉണര്‍വാണ് ഓഹരിക്ക് പുതിയ ഊര്‍ജമായി മാറിയത്. ജനുവരി 20ന് വെറും 35.99 രൂപയായിരുന്നു ഈ ഓഹരിയുടെ വില. എന്നാല്‍, ബുധനാഴ്ചയോടെ ഓഹരി വില 1036 രൂപയെന്ന സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നു. അതായത് 35,990 രൂപ നല്‍കി 1000 ഓഹരികള്‍ വാങ്ങിയിരുന്നവര്‍ക്ക് 10,36000 രൂപയാണ് റിട്ടേണ്‍ ലഭിച്ചത്. 2020 നവംബറില്‍ 2.70 രൂപയായിരുന്നു ഈ ഓഹരിയുടെ വില. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും 2023 ജൂലായ് വരെ 2.30 രൂപയിലായിരുന്നു വ്യാപാരം. പക്ഷെ, പിന്നീട് ഓഹരി വില കുതിച്ചു കയറുകയായിരുന്നു. ഇതിനിടെ കമ്പനിയുടെ വിപണി മൂലധനം 5400 കോടി രൂപയായും ഉയര്‍ന്നു. കെമിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ അന്താരാഷ്ട്ര നാവിക സംഘടനയുടെ ടൈപ് 2 വിഭാഗത്തില്‍പെടുന്ന ആറ് കപ്പലുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ കപ്പല്‍ നിര്‍മാതാക്കളായ റെഡെറീറ്റ് സ്റ്റെണേഴ്‌സണ്‍ എ.എസ് സഹായം തേടിയതോടെയാണ് സ്വാന്‍ ഡിഫന്‍സ് നിക്ഷേപകരുടെ ശ്രദ്ധയില്‍പെട്ടത്. 220 ദശലക്ഷം ഡോളര്‍ അതായത് 1,951 കോടി രൂപയുടെതാണ് നിര്‍മാണ കരാര്‍.
