ഓട്ടവ: ഓട്ടവയിൽ മാസങ്ങളായി നടന്നുവരുന്ന ബാങ്ക് ഇൻവെസ്റ്റിഗേറ്റർ ചമഞ്ഞുള്ള വൻതട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച നാല് പേരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. ഈ തട്ടിപ്പ് സംഘത്തെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.നാലുലക്ഷം ഡോളർ ആണ് ഇവർ തട്ടിയെടുത്തത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തരം തട്ടിപ്പുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ഒരു തട്ടിപ്പിന് സമാനമായ രീതിയിലാണ് മറ്റുള്ളവയും നടന്നതെങ്കിലും അവയെല്ലാം പരസ്പരം ബന്ധമുള്ളതാണോ എന്ന് വ്യക്തമല്ലെന്നും പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

ധനകാര്യ സ്ഥാപനത്തിലെ ‘ബാങ്ക് ഇൻവെസ്റ്റിഗേറ്റർ’ ചമഞ്ഞാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. വ്യാജ കോളർ ഐഡി ഉപയോഗിച്ച് വിളിക്കുന്ന ഇവർ ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ഇരകളുടെ വിശ്വാസം നേടിയെടുത്ത ശേഷം, പിൻ നമ്പറുകളും പാസ് വേർഡുകളും മറ്റ് രഹസ്യ വിവരങ്ങളും കൈമാറാൻ ആവശ്യപ്പെടും. തുടർന്ന്, ബാങ്ക് കാർഡ് ഒരു പ്രത്യേക സ്ഥലത്ത് വെച്ചാൽ കൊറിയറായി കൈപ്പറ്റുമെന്നും പറഞ്ഞാണ് തട്ടിപ്പ്.കാർഡ് ലഭിച്ചാലുടൻ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിക്കുകയോ വൻതോതിൽ സാധനങ്ങൾ വാങ്ങുകയോ ആണ് പതിവ്. സംഭവത്തിൽ ഉൾപ്പെട്ടതായി കരുതുന്ന നാല് പേരുടെ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടത്. ഇതിൽ ആഫ്രിക്കൻ വംശജയായ സ്‌ത്രീയും ഇന്ത്യൻ വംശജനായ പുരുഷനുമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഓട്ടവ പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം തട്ടിപ്പുകളിൽ ചെന്നു പെടാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. ബാങ്കിൻ്റെ നിയമങ്ങൾ കൃത്യമായി മനസിലാക്കുകയും ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും അക്കൗണ്ട് വിവരങ്ങൾ കൈമാറില്ലെന്നും മനസിലാക്കണം. അതേ പോലെ (PIN), പാസ് വേർഡ്, സിവിവി (CVV), ഒടിപി (OTP), അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ലോഗിൻ വിവരങ്ങൾ എന്നിവ ആവശ്യപ്പെടുകയില്ലെന്നും വ്യാജ ഫോൺ കോളിൽ വിവരങ്ങൾ നൽകരുതെന്നും പൊലീസ് പറഞ്ഞു.
