കാൽഗറി : നഗരത്തിൽ അടിസ്ഥാന ജീവിതച്ചെലവ് കുതിച്ചുയരുന്നതായി റിപ്പോർട്ട്. സാധാരണ ജീവിതം നയിക്കാൻ ആവശ്യമായ അടിസ്ഥാനച്ചെലവ് കുത്തനെ ഉയർന്ന് മണിക്കൂറിന് 26.50 ഡോളർ ആയതായി വൈബ്രന്റ് കമ്മ്യൂണിറ്റീസ് കാൽഗറിയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ മണിക്കൂറിന് രണ്ട് ഡോളർ അധികമാണ്. വർധിച്ചുവരുന്ന ജീവിതച്ചെലവ്, രാജ്യാന്തര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്. ഗതാഗതം, ശിശുപരിപാലനം, ഭക്ഷ്യവില എന്നിവയിലെ വിലക്കയറ്റമാണ് ഈ വർധനയ്ക്ക് പ്രധാന കാരണം. ഏറ്റവും കൂടുതൽ അടിസ്ഥാനച്ചെലവുള്ള ആൽബർട്ടയിലെ നഗരങ്ങളുടെ പട്ടികയിൽ കാൽഗറിക്ക് മുകളിൽ എയർഡ്രിയും ജാസ്പറും മാത്രമാണുള്ളത്.

നിലവിൽ പ്രവിശ്യയിയിലെ മിനിമം വേതനം 2015 മുതൽ മണിക്കൂറിന് 15 ഡോളർ എന്ന നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ, കാൽഗറിയിലെ അടിസ്ഥാനച്ചെലവ് മിനിമം വേതനത്തേക്കാൾ ഏകദേശം 77% കൂടുതലാണ്. കുറഞ്ഞ വരുമാനമുള്ള കാൽഗറി നിവാസികൾക്ക് ആഴ്ചയിൽ അധികമായി 400 ഡോളർ ലഭിക്കുകയാണെങ്കിൽ ഇത് ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് Vibrant Communities Calgary എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനി ഡെബോയിസ് പറഞ്ഞു. ഭാഗികമായ ജോലിയിലൂടെയും ലോണുകളിലൂടെയുമാണ് വിദ്യാർത്ഥികൾ നിലവിൽ ഈ വെല്ലുവിളി അതിജീവിക്കുന്നത്.
